News Flash
X
ദുബായിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച നാല് പേർ അറസ്റ്റിൽ

ദുബായിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച നാല് പേർ അറസ്റ്റിൽ

personmtp rafeek access_timeTuesday September 15, 2020
HIGHLIGHTS
ദുബായിലെ ടൂറിസം കമ്പനിയിലെ മാനേജർ, മാർക്കറ്റിംഗ് ഡയറക്ടർ, ഡി ജെ (ഡിസ്‌ക് ജോക്കി) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടച്ചിട്ട മുറിക്കുള്ളിലായിരുന്നു ആഘോഷം.

ദുബായ്: ദുബായിൽ കോവിഡ് നിയമങ്ങൾ പാലിക്കാതെ നൂറിലേറെ പേർക്ക് പാർട്ടി സംഘടിപ്പിച്ച മൂന്ന് പേരും, റാസൽഖൈമയിൽ വിവാഹാഘോഷത്തിനിടെ സുരക്ഷാനടപടികൾ അവഗണിച്ച ഏഷ്യൻ വംശജനായ പ്രതിശ്രുത വരനും അറസ്റ്റിൽ.

ദുബായിലെ ടൂറിസം കമ്പനിയിലെ മാനേജർ, മാർക്കറ്റിംഗ് ഡയറക്ടർ, ഡി ജെ (ഡിസ്‌ക് ജോക്കി) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടച്ചിട്ട മുറിക്കുള്ളിലായിരുന്നു ആഘോഷം. തിരക്കേറിയ പാർട്ടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് നടപടിയെന്ന് ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജല്ലഫ് പറഞ്ഞു.

കോവിഡ് സുരക്ഷാ മുൻകരുതലുകളെ പരിഹസിക്കുന്ന ഡിജെ വീഡിയോയാണ് പ്രചരിപ്പിച്ചത്. ആവശ്യമായ അനുമതി വാങ്ങാതെയും സാമൂഹികഅകലം പാലിക്കാതെയുമാണ് കമ്പനി പാർട്ടി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച് ഒത്തുചേരലുകളും പൊതു ആഘോഷപരിപാടികളിലേക്കും ആളുകളെ ക്ഷണിക്കുന്നവർക്ക് 10,000 ദിർഹമാണ് പിഴ. സുരക്ഷാ നിയമലംഘകരോട് സഹിഷ്ണുത കാട്ടില്ലെന്നും സിഐഡി അറിയിച്ചു.

റാസൽഖൈമയിലെ വിവാഹാഘോഷത്തിനായി വിരുന്നുഹാളിൽ ഒത്തുകൂടിയ അതിഥികളുടെ വീഡിയോ വരൻ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കോവിഡ് നിയമലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറസ്റ്റ്. നിയമപരമായ നടപടികൾക്കായി പ്രതിയെ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് റാസൽഖൈമ പോലീസ് ആവർത്തിച്ചു.

റാസൽഖൈമയിൽ നേരത്തെ ഒരു വെഡ്ഡിങ് ഹാൾ സാമ്പത്തിക മന്ത്രാലയം അടപ്പിച്ചിരുന്നു. വേണ്ടത്ര അനുമതിവാങ്ങാതെ പാർട്ടി സംഘടിപ്പിച്ചതിനും നിയമലംഘനം നടത്തിയതിനുമായിരുന്നു നടപടി. ജൂൺ അവസാനത്തോടെയാണ് റാക്ക് വെഡ്ഡിങ് ഹാളുകൾ തുറക്കാൻ അനുമതി നൽകിയത്.

SHARE :
folder_openTags
content_copyCategory