News Flash
X
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ഉല്‍ ഉല പ്രഖ്യാപനത്തില്‍ ഗള്‍ഫ് നേതാക്കള്‍ ഒപ്പുവച്ചു

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ഉല്‍ ഉല പ്രഖ്യാപനത്തില്‍ ഗള്‍ഫ് നേതാക്കള്‍ ഒപ്പുവച്ചു

personmtp rafeek access_timeTuesday January 5, 2021
HIGHLIGHTS
ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ മൂന്നര വര്‍ഷം നീണ്ട ഉപരോധത്തിന് പരിസമാപ്തി.

റിയാദ്: ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ മൂന്നര വര്‍ഷം നീണ്ട ഉപരോധത്തിന് പരിസമാപ്തിയാവുന്നു. സൗദി അറേബ്യയിലെ ഉല്‍ ഉലയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തറിനെതിരേ ഉപരോധം പിന്‍വലിക്കുന്നതിനുള്ള പ്രഖ്യാപനത്തില്‍ അംഗരാഷ്ട്രങ്ങള്‍ ഒപ്പുവച്ചു. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള അല്‍ ഉല പ്രഖ്യാപനത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദ്. കുവൈത്ത് അമീര്‍ ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ഹമദ് അല്‍ ഖലീഫ, യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഒമാന്‍ ഉപപ്രധാന മന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ് എന്നിവര്‍ ഒപ്പുവച്ചു.

ജിസിസി സുപ്രിം കൗണ്‍സിലിന്റെ 41ാം സമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്. കരാറിന്റെ ഭാഗമായി സൗദി അറേബ്യ ഇന്നലെ രാത്രി മുതല്‍ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറന്നിരുന്നു. മേഖലയിലെ ഐക്യവും സ്ഥിരതയും ഉറപ്പുവരുത്തുന്നതാണ് കരാറെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇതിന് മധ്യസ്ഥത വഹിച്ച അമേരിക്കയ്ക്കും കുവൈത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തിന്റെ വിശദാംശങ്ങളും മറ്റു രാജ്യങ്ങളുടെ നിലപാടും പുറത്തുവന്നിട്ടില്ല.

SHARE :
folder_openTags
content_copyCategory