
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം; കേരളത്തിലേക്കുള്ള ഖത്തര്‍ എയര്‍വെയ്സ് സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാവുമെന്ന് പ്രതീക്ഷ
കോഴിക്കോട്: മൂന്നര വര്‍ഷക്കാലം നീണ്ടു നിന്ന സൗദി-ഖത്തര്‍ യാത്രാ വിലക്ക് പിന്‍വലിച്ചത് ഖത്തര്‍ എയര്‍വെയ്സിന് പുതിയ കുതിപ്പേകും. സൗഹ്യദം പുനഃസ്ഥപതിച്ചതോടുകൂടി നേരത്തേയുണ്ടായിരുന്ന സര്‍വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍ എയര്‍വെയ്സിന്റെ ഇന്ത്യയിലെ ജീവനക്കാര്‍. പ്രതിസന്ധിക്കു മുമ്പേ, കോഴിക്കോട്ടേക്ക് ദിവസേന സേവനം നടത്തിയിരുന്ന ഖത്തര്‍ എയര്‍വെയ്സ് ആഴ്ച്ചയില്‍ നാലായി ചുരുക്കിയിരുന്നു. ഇത് പൂര്‍വ്വ സ്ഥിതിയില്‍ ആകുമെന്ന പ്രതീക്ഷയില്‍ ആണ് കരിപ്പൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ഖത്തര്‍ എയര്‍വെയ്സ് ജീവനക്കാര്‍.
അന്താരാഷ്ട്ര നിലവാരമുള്ള സേവന ദാതാക്കളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ഖത്തര്‍ എയര്‍വെയ്സിനെ സൗദിയിലുള്ള യാത്രക്കാര്‍ ഏറെ പ്രയോജനപ്പെടുത്തിയിരുന്നു. ബഡ്ജറ്റ് വിമാന സര്‍വീസുകളോട് തുല്യമായ നിരക്ക് ആയിരുന്നു ഉയര്‍ന്ന സേവനം നല്കി ഇവര്‍ ഈടാക്കിയിരുന്നത് എന്നതാണ് ഇതിനു പ്രധാന കാരണം. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരും പ്രധാനമായും ആശ്രയിച്ചിരുന്നത് ഖത്തര്‍ എയര്വെയ്സിനെയായിരുന്നു.
വിലക്ക് വന്നതോട് കൂടി ഗണ്യമായ കുറവാണ്, കോഴിക്കോട് നിന്നുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ സേവനത്തില്‍ ഉണ്ടായത്. സൗദിയെ കൂടാതെ വിലക്ക് ഏര്‍പ്പെടുത്തിയ മറ്റു ജിസിസി രാജ്യങ്ങളിലേക്കും ഖത്തര്‍ വഴിയുള്ള കണക്റ്റഡ് സേവനങ്ങള്‍ നിലച്ചുപോയി. സ്വാഭാവികമായും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവ് ഉണ്ടായി. 180 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന വിമാനങ്ങള്‍ വെച്ച് ദിവസേന സര്‍വീസ് നടത്തിരുന്നത് 140 യാത്രക്കാരെ മാത്രം ഉള്‍കൊള്ളുന്ന ചെറു വിമാനങ്ങള്‍ ആക്കി മാറ്റിയത് കൂടാതെ ദിവസേന ഉള്ള സര്‍വീസ് ആഴ്ചയില്‍ നാലാക്കി കുറക്കുകയും ചെയ്തു. മിക്കതും പകുതിയില്‍ താഴെ യാത്രക്കാരെ വെച്ച് സര്‍വീസ് നടത്തേണ്ടി വന്നു. ഇന്ത്യയിലെ മൊത്തം സിറ്റി ഓഫീസുകള്‍ അടച്ചു പൂട്ടി എയര്‍പോര്‍ട്ട് ജീവനക്കാരെ മാത്രം വെച്ചായിരുന്നു കഴിഞ്ഞ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് ഏയര്‍പോര്‍ട്ടില്‍ പത്തോളം ജീവനക്കാര്‍ ഉണ്ടായിരുന്നത് ആറായി കുറച്ചിരുന്നു.
ഒത്തുതീര്‍പ്പ് കരാര്‍ നിലവില്‍ വന്നതോടുകൂടി സര്‍വ്വീസുകളുടെ എണ്ണം പഴയനിലയിലാവുമെന്നാണു കരുതുന്നത്. ദോഹ ഇടത്താവളമായി വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വെയ്സിനു ഇനി സാധിക്കും. ഇതിനിടെ കോവിഡ് മൂലമുള്ള പ്രതിസന്ധി കാരണം നിലവിലുള്ള പലരുടെയും ജോലി നഷ്ടപെടുമെന്നുള്ള ഭയത്തിനു കൂടി, ഈ ഒത്തുതീര്‍പ്പ് മൂലം പരിഹാരമുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
ALSO WATCH