ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ(എച്ച്എംസി) ഒപി ക്ലിനിക്കുകളില്‍ നേരിട്ടുള്ള അപ്പോയിന്മെന്റ് ആരംഭിച്ചു. അതേ സമയം, ചില തുടര്‍ അപ്പോയിന്മെന്റുകളും ആവര്‍ത്തിച്ചുള്ള പ്രിസ്ക്രിപ്ഷനുകളും ഓണ്‍ലൈനില്‍ തുടരും. അപ്പോയിന്മെന്റ് നേരിട്ടുള്ളതാണോ ഓണ്‍ലൈന്‍ ആണോ എന്നറിയിക്കുന്നതിന് രോഗികളെ നെസ്മഅക് വഴി ബന്ധപ്പെടും.
രോഗികളുടെയും സന്ദര്‍ശകരുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് നേരത്തേ ഔട്ട്പേഷ്യന്റ് അപ്പോയിന്മെന്റുകള് മുഴുവന്‍ വെര്‍ച്വല്‍ ആക്കി മാറ്റിയതെന്ന് എച്ച്എംസി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സാരി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി ക്രമേണ സാധാരണ ഗതിയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നേരിട്ടുള്ള അപ്പോയിന്മെന്റ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. വീണ്ടും മരുന്ന് കുറിക്കുന്നത് പോലുള്ള ഫോളോ അപ്പ് അപ്പോയിന്മെന്റുകള് ടെലഫോണ്‍ വഴി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എച്ച്എംസി ഒപിയില്‍ എത്തുന്ന മുഴുവന്‍ രോഗികളും ഇഹ്തിറാസ് സ്റ്റാറ്റസ് കാണിക്കണം. ശരീര താപനില പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം. മുന്‍കൂട്ടി അപ്പോയിന്മെന്റ് എടുത്തവരെ മാത്രമേ കടത്തിവിടൂ. അപ്പോയിന്മെന്റ് ദിവസം കോവിഡിന്റേതായ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ട് വരുന്നതിന് പകരം 16060 എന്ന നമ്പറില്‍ വിളിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റണം.
ALSO WATCH