News Flash
X
കര അതിർത്തിയിൽ ആരോഗ്യ ജീവനക്കാരെ ഇരട്ടിയാക്കും: കുവൈത്ത് മന്ത്രാലയം

കര അതിർത്തിയിൽ ആരോഗ്യ ജീവനക്കാരെ ഇരട്ടിയാക്കും: കുവൈത്ത് മന്ത്രാലയം

personmtp rafeek access_timeMonday October 5, 2020
HIGHLIGHTS
ഇരു ചെക്ക്‌പോസ്റ്റുകളിലുമുണ്ടായ തിരക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിന്റെ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥർ സാൽമി, നുവൈസീബ് ചെക് പോസ്റ്റുകളിൽ സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ചെക്പോസ്റ്റുകളിൽ ആരോഗ്യ ജീവനക്കാരെ ഇരട്ടിയാക്കാൻ കുവൈത്ത് മന്ത്രാലയം തീരുമാനിച്ചു. സന്ദർനവേളയിൽ ഇരു ചെക്ക്‌പോസ്റ്റുകളിലുമുണ്ടായ തിരക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.

കോവിഡ് പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾക്ക് കൂടുതൽ സമയമെടുക്കുന്നതിനാൽ കുവൈത്തിലേക്കുള്ള കര അതിർത്തിയിൽ വാഹനത്തിരക്ക് അധികമാണ്. പ്രതിദിനം ശരാശരി 1000 വാഹനങ്ങൾ അതിർത്തി കടന്നെത്തുന്നുണ്ട്. ഇതിനനുസരിച്ചുള്ള ജീവനക്കാർ ചെക് പോസ്റ്റിൽ ഇല്ലാത്തത് തിരക്ക് വർധിപ്പിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിർത്തി ചെക്ക് പോയിന്റുകൾ സെപ്റ്റംബർ 15നാണ് തുറന്നുകൊടുത്തത്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സാൽമി, നുവൈസീബ് അതിർത്തികൾ തുറന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെയാണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.

കുവൈത്തിലേക്ക് വരുന്നവർ 96 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനം അനുവദിക്കുക.14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും ഫോണിൽ ‘ശ്ലോനിക്’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നും നിബന്ധനയുണ്ട്.

സൗദിയിലേക്ക് പോകുന്നവർക്കും കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ബാധകമാണ്. കുവൈത്തിൽനിന്ന് പുറത്തുപോവാൻ സാൽമി, നുവൈസീബ് അതിർത്തി വഴി അനുവദിക്കുന്നുണ്ടെങ്കിലും തിരിച്ചുവരാൻ നുവൈസീബ് അതിർത്തി മാത്രമേ ഉപയോഗിക്കാവൂ.

SHARE :
folder_openTags
content_copyCategory