കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ മലയാളിയെ അജ്മാനില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കോഴിക്കോട് എത്തിച്ചു; വിദേശത്ത് നിന്ന് കോവിഡ് രോഗിയെ എത്തിക്കുന്നത് ആദ്യം

covid patient shifted to kerala

ദുബൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ മലയാളി യുവാവിനെ പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തില്‍ മുഴുവന്‍ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചു കൊണ്ട് കേരളത്തിലെ ആശുപത്രിയില്‍ എത്തിച്ചു. ഇതാദ്യമായാണ് വിദേശത്ത് നിന്ന് കോവിഡ് രോഗിയെ ചികില്‍സയ്ക്കായി പ്രത്യേക വിമാനത്തില്‍ എത്തിക്കുന്നത്.

അജ്മാനില്‍ ബിസിനസുകാരനായ അബ്ദുല്‍ ജബ്ബാര്‍ ചെട്ടിയന് ജനുവരി 6ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗം ഗുരുതരമാവുകയും ന്യൂമോണിയ ബാധിക്കുകയും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം(എആര്‍ഡിഎസ്) എന്ന അവസ്ഥയിലെത്തുകയും ചെയ്തു. വിദഗ്ധ ചികില്‍സയ്ക്കായി ജബ്ബാറിനെ കേരളത്തിലെത്തിക്കാന്‍ കുടുംബം ആവശ്യപ്പെടുകയായിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകനും ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലെ മെഡിക്കല്‍ ടീം അംഗവുമായ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ജനുവരി 14ന് ആണ് അജ്മാന്‍ ഹോസ്പിറ്റലില്‍ നിന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക് രോഗിയെ എത്തിച്ചത്. ഐസോവാക്ക് ഐസൊലേഷന്‍ പോഡില്‍ കോവിഡ് രോഗികളെ കൊണ്ടുപോവുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ച യൂനിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്‌ഫേര്‍സ് ടീമിന്റെ സഹായത്തോടെ ചാര്‍ട്ടേര്‍ഡ് എയര്‍ ആംബുലന്‍സില്‍ ആയിരുന്നു യാത്ര. യുഎഇ സമയം വൈകീട്ട് 5.30ന് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. തുടര്‍ന്ന് രോഗിയെ മിംസിലേക്കു മാറ്റി.

ജബ്ബാറിന് ജനുവരി 13ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നുവെങ്കിലും ന്യൂമോണിയയും എആര്‍ഡിഎസും ഉള്ള സാഹചര്യത്തില്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് യാത്ര സാധ്യമാക്കിയതെന്ന് യൂനിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അഫ്‌സല്‍ മുഹമ്മദ് പറഞ്ഞു.

രോഗിയെ കേരളത്തിലേക്കു മാറ്റുന്നതിന് കേരള, യുഎഇ സര്‍ക്കാരുകളില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. മലപ്പുറം കളട്കറേറ്റ്, കോഴിക്കോട് എയര്‍പോര്‍ട്ട് പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ എന്നിവരില്‍ നിന്നുള്ള അനുമതി പത്രം, യുഎഇ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള എന്‍ഒസി എന്നിവ ഇതിന് വേണ്ടി വാങ്ങിയതായി പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ സഹായകമായതായും അദ്ദേഹം പറഞ്ഞു.
ALSO WATCH