News Flash
X
അബുദാബിയിൽ 10, 12 ക്ലാസുകാരും ഇന്ന് മുതൽ സ്‌കൂളിലേക്ക്

അബുദാബിയിൽ 10, 12 ക്ലാസുകാരും ഇന്ന് മുതൽ സ്‌കൂളിലേക്ക്

personmtp rafeek access_timeSunday September 27, 2020
HIGHLIGHTS
അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) പ്രത്യേക അനുമതിയോടെ നേരിട്ടുള്ള പഠനം തിരഞ്ഞെടുത്ത വിദ്യാർഥികളാണ് സ്‌കൂളിൽ എത്തുന്നത്.

അബുദാബി: ഏഴ് മാസത്തിനു ശേഷം ഇന്ന് മുതൽ അബുദാബിയിൽ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾ സ്‌കൂളിലെത്തും. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) പ്രത്യേക അനുമതിയോടെ നേരിട്ടുള്ള പഠനം തിരഞ്ഞെടുത്ത വിദ്യാർഥികളാണ് സ്‌കൂളിൽ എത്തുന്നത്.

കോവിഡ് മാനദണ്ഡം അനുസരിച്ച് ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കി സ്‌കൂളുകൾ വിദ്യാർഥികളെ സ്വീകരിക്കാൻ സജ്ജമായി. ഷാർജയിലും ഫെയ്‌സ് ടു ഫെയ്‌സ് തിരഞ്ഞെടുത്ത വിദ്യാർഥികൾ ഇന്ന് മുതൽ സ്‌കൂളിലെത്തും. ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിൽ നേരത്തെ തന്നെ ക്ലാസ് തുടങ്ങിയിരുന്നു. ഇവിടെ എല്ലാ ഗ്രേഡിലുമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിച്ചെങ്കിലും എത്തുന്നത് നാമമാത്രം.

അബുദാബിയിൽ കെജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആഗസ്റ്റ് 30 മുതൽ നേരിട്ടെത്തിയുള്ള പഠനം ആരംഭിച്ചിരുന്നു. കോവിഡ് ഭീതിമൂലം ഓരോ ഗ്രേഡിലും വളരെ കുറച്ചു കുട്ടികൾ മാത്രമാണ് എത്തുന്നത്. പൊതുപരീക്ഷയുടെയും ഉന്നതവിദ്യാഭ്യാസത്തിനു തയാറെടുക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് പ്രാദേശിക, വിദേശ സിലബസിലെ 10, 12 ഗ്രേഡുകാർക്ക് സ്‌കൂളിലെത്തി പഠിക്കാൻ അനുമതി നൽകിയതെന്ന് അഡെക് അറിയിച്ചു. നേരിട്ട് എത്താൻ താത്പര്യമില്ലാത്ത എല്ലാ ഗ്രേഡിലെയും വിദ്യാർഥികൾക്കും ഇ-ലേണിംഗ് തുടരും.

സ്‌കൂളിൽ നേരിട്ട് എത്തുന്ന വിദ്യാർഥികളുടെ പട്ടിക ശേഖരിച്ച ആരോഗ്യവകുപ്പ് സൗജന്യ കോവിഡ് പരിശോധന നടത്തിയിരുന്നു. പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം കാണിച്ചാൽ മാത്രമേ സ്‌കൂളിൽ പ്രവേശിപ്പിക്കൂ. മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, കുട്ടം കൂടാതിരിക്കുക തുടങ്ങി കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് വിദ്യാർഥികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇ- ലേണിംഗ് തുടരുന്ന വിദ്യാർഥികൾക്കും സ്‌കൂളിൽ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.

സ്‌കൂളിൽ എത്തുന്ന വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിക്കും. ചുമ, തുമ്മൽ, പനി തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലെന്നു ഉറപ്പാക്കിയ ശേഷം അകലം പാലിച്ച് ക്ലാസിലേക്ക്. നിശ്ചിത ഇരിപ്പിടത്തിൽ മാത്രമേ ഇരിക്കാവൂ. ഒഴിവു വേളകളിൽ മറ്റ് കുട്ടികളുമായി ഇടകലരാൻ പാടില്ല. ഷാർജയിൽ എല്ലാ ഗ്രേഡിലുള്ളവർക്കും പ്രവേശനമുണ്ടെങ്കിലും വിവിധ ഘട്ടങ്ങളാക്കി തിരിച്ചാണ് സ്‌കൂളിൽ എത്തിക്കുക. ഇന്ന് 912 വരെയുള്ള ക്ലാസുകളിലെ കുട്ടികളെയും ഒക്ടോബർ നാലിന് 68 വരെയും 11ന് 15 വരെയും 18ന് കെജി ക്ലാസുകളിലെ കുട്ടികളെയും സ്‌കൂളിലെത്തിക്കും വിധത്തിലാണ് ചില സ്‌കൂളുകളുടെ ക്രമീകരണം.

പ്രായമായവർ, ഗർഭിണികൾ, പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങി അസുഖമുള്ളവർ വീട്ടിലുണ്ടെങ്കിൽ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുതെന്നും നിർദേശമുണ്ട്. ഇത്തരം വീടുകളിലെ കുട്ടികൾ ഇ- ലേണിംഗ് തുടരുന്നതാണ് നല്ലതെന്നും അധികൃതർ അഭിപ്രായപ്പെട്ടു.

SHARE :
folder_openTags
content_copyCategory