News Flash
X
കരിപ്പൂര്‍ വിമാന ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം; പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം; അപകട കാരണം ബ്ലാക്ക് ബോക്‌സ് പരിശോധിച്ച ശേഷമെന്ന് മന്ത്രി

കരിപ്പൂര്‍ വിമാന ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം; പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം; അപകട കാരണം ബ്ലാക്ക് ബോക്‌സ് പരിശോധിച്ച ശേഷമെന്ന് മന്ത്രി

personmtp rafeek access_timeSaturday August 8, 2020
HIGHLIGHTS
കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം വീതം അടിയന്തര നഷ്ടപരിഹാരം.

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം വീതം അടിയന്തര നഷ്ടപരിഹാരം. ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.

കരിപ്പൂരിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഇടക്കാലാശ്വാസമായാണ് തുക നല്‍കുക. അപകടം കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബ്ലാക്ക് ബോക്‌സ് പരിശോധിച്ച ശേഷം മാത്രമേ അപകടത്തെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

അപകട കാരണം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമയോചിതമായ ഇടപെടല്‍ ദുരന്തത്തിന്റെ ആക്കം കുറച്ചെന്നും വിമാനത്താവള അധികൃതരും പ്രാദേശിക ഭരണകൂടവും കൃതമായി ഇടപെടല്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു. അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലിസ് മേധാവി ലോക് നാഥ് ബെഹ്റ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത തുടങ്ങിയവരും സംഭവസ്ഥലത്തെത്തി.

എയര്‍ ഇന്ത്യ 10 ലക്ഷം നല്‍കും
വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇടക്കാല നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരില്‍ 12 വയസ്സിന് മേല്‍ പ്രായമുള്ളവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. 12 വയസ്സിന് താഴെയുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷമാണ് നല്‍കുക. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും നല്‍കും.

വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധപ്പെടാന്‍ 1800222271 എന്ന ടോണ്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പുറത്തു നിന്ന് വിളിക്കുന്നവര്‍ ഇന്റര്‍നാഷനല്‍ കോഡ് ചേര്‍ക്കണം.

SHARE :
folder_openTags
content_copyCategory