
കത്താറയില്‍ 10ാമത് ഹലാല്‍ ഫെസ്റ്റിവല്‍ അടുത്ത മാസം
ദോഹ: ഖത്തറിലെ കത്താറ കള്‍ച്ചറല്‍ ഫൗണ്ടേഷന് വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള ജനപ്രിയ ഉല്‍സവമായ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 13 മുതല്‍ 21 വരെ നടക്കും. കത്താറയിലെ തെക്കന്‍ ഏരിയയിലാണ് മേള നടക്കുക. മഹാസീല്‍ സൂഖും ഇതോടനുബന്ധിച്ച് നടക്കുന്നതിനാല്‍ ഒമ്പത് ദിവസത്തെ മേളയ്ക്ക് വലിയ ജനസാന്നിധ്യം ഉണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
കന്നുകാലികളുടെ പ്രദര്‍ശനവും വിപണനവും മല്‍സരവുമൊക്കെ ഉള്‍പ്പെടുന്ന ഹലാല്‍ ഫെസ്റ്റിവല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു. അല്‍ മസദ്(ആടുകളുടെ പൊതു ലേലം), അല്‍ ഇസാബ്(വ്യത്യസ്ത ഇനത്തില്‍പ്പെട്ട ആടുകളുടെ പ്രദര്‍ശനം), അല്‍ മസാഇന്‍(ഏറ്റവും സുന്ദരന്മാരായ ആടുകളെ കണ്ടെത്തുന്നതിനുള്ള മല്‍സരം) എന്നിവയാണ് ഹലാല്‍ ഫെസ്റ്റിവലിലെ പ്രധാന ആകര്ഷണങ്ങള്. പരമ്പരാഗത വസ്തുക്കള്‍, ഭക്ഷണം എന്നിവ വില്‍ക്കുന്ന സ്റ്റാളുകളും ഹലാല്‍ ഫെസ്റ്റിവലില്‍ ഉണ്ടാവും.
മഹാസീല്‍ സൂഖിന്റെ തൊട്ടടുത്തായാണ് ഹലാല്‍ ഫെസ്റ്റിവലിനും വേദി ഒരുങ്ങുന്നത്. ഫ്രഷ് പച്ചക്കറി, തേന്‍, പാല് ഉല്‍പ്പന്നങ്ങള്‍, മാംസം തുടങ്ങിയവ വില്‍ക്കുന്ന മേളയാണ് മഹാസീല്‍ സൂഖ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് മഹാസീല്‍ സൂഖ് പ്രവര്‍ത്തിക്കുന്നത്.