
ഡ്രൈവിങിനിടെ അപ്രതീക്ഷിത കോള്‍; ബിഗ് ടിക്കറ്റിന്റെ 24 കോടി മലയാളിക്ക്
അബൂദബി: അബൂദബി ബിഗ് ടിക്കറ്റിന്റെ ഭാഗ്യം വീണ്ടും മലയാളിയെ തേടിയെത്തി. 222-ാമത് ‘ദി ഡ്രീം 12 മില്ല്യന്‍ സീരീസ്’ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത് ദുബയില്‍ താമസിക്കുന്ന മലയാളിയായ ജോര്‍ജ് ജേക്കബാണ്. നവംബര്‍ 30ന് വാങ്ങിയ 069402 എന്ന നമ്പറിലുള്ള ടിക്കറ്റാണ് അദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തത്. മറ്റ് സമ്മാനങ്ങളെല്ലാം സ്വന്തമാക്കിയതും മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരാണ്.
കുടുംബത്തോടൊപ്പമുള്ള കാര്‍ യാത്രക്കിടെയാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളുടെ ഫോണ്‍ കോള്‍ ജോര്‍ജ് ജേക്കബിനെ തേടിയെത്തിയത്. റിച്ചാര്‍ഡും ബുഷ്രയുമാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ആദ്യം പ്രാങ്ക് കോളാണെന്ന് കരുതി അദ്ദേഹം വിശ്വസിച്ചില്ല. പിന്നീട് റോഡരികില്‍ കാര്‍ നിര്‍ത്തി ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിച്ചു. തനിക്കാണ് ഗ്രാന്റ് പ്രൈസ് ലഭിച്ചതെന്ന് അറിഞ്ഞപ്പോള്‍ ജോര്‍ജ് ജേക്കബിനും കാറിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ക്കും സന്തോഷമടക്കാനായില്ല.
രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള അവിനാശ് കുമാര്‍ കെ എയാണ്. ഇദ്ദേഹം വാങ്ങിയ 70370 എന്ന ടിക്കറ്റ് നമ്പറാണ് സമ്മാനാര്‍ഹമായത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം ഇന്ത്യക്കാരനായ സിദ്ദിഖ് അബ്ദുള്‍ ഖാദര്‍ വാങ്ങിയ 261717 എന്ന ടിക്കറ്റിനാണ്. സുനില്‍ കുമാര്‍ ശശിധരന് നായര്‍ വാങ്ങിയ 93305 എന്ന ടിക്കറ്റിനാണ് നാലാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചത്. അഞ്ചാം സമ്മാനമായ 60,000 ദിര്‍ഹം സ്വന്തമാക്കിയത് ശുഐബ് അക്തറാണ്. ഇദ്ദേഹം വാങ്ങിയ 103389 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സഗീഷ്രാജ് നടയിലെക്കണ്ടി വാങ്ങിയ 183904 എന്ന ടിക്കറ്റ് ആറാം സമ്മാനമായ 40,000 ദിര്‍ഹം സ്വന്തമാക്കി.
ബംഗ്ലാദേശില്‍ നിന്നുള്ള മുഹമ്മദ് വസീമാണ് ബിഗ് ടിക്കറ്റിന്റെ അഞ്ചാമത് ഡ്രീം കാര്‍ ജീപ്പ് സീരീസ് നറുക്കെടുപ്പിലൂടെ ജീപ്പ് ഗ്രാന്റ് ചെറോക്കി സ്വന്തമാക്കിയത്. 013292 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തെ വിജയിയാക്കിയത്.
ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഡിസംബര്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223-ാം സീരീസ് നറുക്കെടുപ്പില്‍ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിര്‍ഹമാണ് (40 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. ഗള്‍ഫ് മേഖലയില്‍ തന്നെ ഇത്ര വലിയ തുകയുടെ സമ്മാനം ആദ്യമായിട്ടായിരിക്കും നല്കാന് പോകുന്നതെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ പറയുന്നു.