ഗള്‍ഫ് രാജ്യങ്ങളിലേക്കും കേരളത്തിലേക്കും ഉള്‍പ്പെടെ കുവൈത്ത് എയര്‍വേയ്‌സ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

kuwait airways

കുവൈത്ത് സിറ്റി: കേരളത്തിലേക്ക് ഉള്‍പ്പെടെ 31 നഗരങ്ങളിലേക്കുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കുവൈത്ത് എയര്‍വേയ്‌സ്. ആഗസ്ത് 1 മുതല്‍ കുവൈത്തില്‍ നിന്ന് കമേഴ്‌സ്യല്‍ വിമാന സര്‍വിസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.

തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലെ ഏഴ് നഗരങ്ങളും ഷെഡ്യൂള്‍ പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടും. കൊച്ചിയിലേക്ക് ആഴ്ചയില്‍ ആറും തിരുവനന്തപുരത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളുമാണ് ഷെഡ്യൂള്‍ ചെയ്തത്. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, അഹമ്മദബാദ്, ചെന്നൈ, ബംഗളൂരു ന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വിസുകള്‍. ദുബൈ, ദമ്മാം, റിയാദ്, ജിദ്ദ, ദോഹ, മനാമ, മസ്‌കത്ത് എന്നീ ഗള്‍ഫ് നഗരങ്ങളിലേക്കും സര്‍വീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുവൈത്തിലേക്ക് വരുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍
കുവൈത്തിലേക്ക് തിരിച്ചുവരുന്നതിന് വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് വരുന്ന മുഴുവന്‍ യാത്രക്കാരും പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് പ്രധാന നിര്‍ദേശം. ഹോം ക്വാറന്റീനിലോ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലോ കഴിയാന്‍ തയാറാണെന്ന പ്രതിജ്ഞാപത്രം ആരോഗ്യമന്ത്രാലയ അധികൃതര്‍ക്ക് സമര്‍പ്പിക്കണം. വിമാനത്തില്‍ കയറുംമുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്ലോനിക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം തുടങ്ങിയ നിബന്ധകള്‍ ബാധകമാണ്. കുവൈത്തിലെയും വിദേശത്തെയും കോവിഡ് സാഹചര്യത്തിനനുസരിച്ച് ഷെഡ്യൂളില്‍ മാറ്റം വരാനിടയുണ്ട്.