News Flash
X
ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്​നം പരിഹരിക്കാന്‍ പരിശ്രമം നടത്തുമെന്ന്​ കുവൈത്ത്

ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്​നം പരിഹരിക്കാന്‍ പരിശ്രമം നടത്തുമെന്ന്​ കുവൈത്ത്

personSJ access_timeFriday October 23, 2020
HIGHLIGHTS
2017ല്‍ ആരംഭിച്ച പ്രതിസന്ധി ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഐക്യത്തിന് ഭംഗം വരുത്തിയതായും അദ്ദേഹം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ അഭിപ്രായപ്പെട്ടു.

കുവൈത്ത്: ഖത്തറും മറ്റ് ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ്. 2017ല്‍ ആരംഭിച്ച പ്രതിസന്ധി ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഐക്യത്തിന് ഭംഗം വരുത്തിയതായും അദ്ദേഹം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ അഭിപ്രായപ്പെട്ടു. സഹോദരങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ഈ അഭിപ്രായ വ്യത്യാസം പരിഹരിക്കാനുള്ള നല്ല ശ്രമങ്ങള്‍ കുവൈത്ത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ അമീര്‍ അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്യാണത്തിന് ശേഷം അതേ ശ്രമങ്ങള്‍ തുടരുമെന്ന സന്ദേശമാണ് പ്രധാനമന്ത്രിയും നല്‍കുന്നത്.

മുന്‍ അമീറിന്റെ പാതയിലൂടെ തന്നെയാവും കുവൈത്തിന്റെ സഞ്ചാരം എന്ന് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസര്‍ അസ്സബാഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച കുവൈത്ത്, ഖത്തര്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കുവൈത്ത് അമീറിന്റെ പ്രതിനിധി കഴിഞ്ഞ ആഴ്ച സൗദിയിലെത്തി രാജാവിന് കത്ത് കൈമാറുകയും ചെയ്തു. ബന്ധങ്ങള്‍ ഊഷ്മളമാക്കാനുള്ള സന്ദര്‍ശനം എന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും ജി.സി.സി പ്രശ്‌നം ചര്‍ച്ചയായിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017ലാണ് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങളും ഗതാഗത മാര്‍ഗങ്ങളും അടച്ചത്.

SHARE :
folder_openTags
content_copyCategory