എറണാകുളം: ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ അതത് രാജ്യത്ത് സെന്ററുകള്‍ അനുവദിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നാട്ടിലെത്തി പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വിദേശത്ത് പരീക്ഷ സെന്റര്‍ തുറക്കുകയോ പരീക്ഷ മാറ്റി വെക്കുകയോ വേണമെന്ന ആവശ്യവുമായി ഖത്തര്‍ കെഎംസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നല്കിയ ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. ജൂണ്‍ 23നകം വിഷയത്തില്‍ വിശദീകരണം നല്കാന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദ്ദേശം നല്കി.
ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഖത്തറില്‍ നിന്നു മാത്രം 300ഓളം വിദ്യാര്‍ഥികളാണ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളത്. ഖത്തറിന് പുറമെ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലുള്ള കുട്ടികള്‍ക്കും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരള എന്‍ട്രന്‍സ് പരീക്ഷ(കീം), കുസാറ്റ് എന്‍ട്രന്‍സ് പരീക്ഷ എന്നിവ എഴുതാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികളും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. കീം എന്‍ട്രന്‍സിന് ജൂലൈ 16ഉം കുസാറ്റ് എന്‍ട്രന്‍സ് ജൂലൈ 27, 28 തിയ്യതികളിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഖത്തറില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ഈ പരീക്ഷകള്‍ക്കു വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. പരീക്ഷയ്ക്കായി നാട്ടില്‍ പോകുന്നതിന് ഏപ്രില്‍ മാസത്തില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരായിരുന്നു വിദ്യാര്‍ഥികളില്‍ പലരും. എന്നാല്‍, കോവിഡ് വന്നതോടെ ഇവിടെ കുടുങ്ങുകയായിരുന്നു. പരീക്ഷയ്ക്ക് സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കേരള മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.