ഇനി 19 വിഭാഗം യാത്രക്കാര്‍ക്ക് ഖത്തറില്‍ ഹോം ക്വാറന്റീന്‍ മതി

home quarantine qatar

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ യോഗ്യതയുള്ള വിഭാഗങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുതുക്കി. ജനുവരി 24 മുതലാണ് പുതിയ പട്ടിക നിലവില്‍ വരിക. രാജ്യത്ത് കോവിഡ് പ്രോട്ടോക്കള്‍ പാലിച്ച് കൊണ്ട് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമായിരിക്കും.

താഴെ പറയുന്ന വിഭാഗങ്ങളെയാണ് ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്തതും വീട്ടില്‍ ക്വാറന്റീനില്‍ കഴിയാവുന്നതുമായ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരുമിച്ച് വരുന്ന ഒരേ നാഷനല്‍ അഡ്രസ് ഉള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

1. 65 വയസ്സും അതിന് മുകളിലുള്ളവരും
2. അവയവ മാറ്റമോ മജ്ജ മാറ്റിവയ്ക്കലോ കഴിഞ്ഞവര്‍
3. ഇമ്യൂണോ സപ്രസീവ് തെറാപ്പി ആവശ്യമുള്ള ആരോഗ്യ പ്രശ്‌നമുള്ളവര്‍
4. ഹൃദ്രോഗമോ കൊറോണറി ആര്‍ട്ടറി രോഗമോ ഉള്ളവര്‍
5. ആസ്തമയുള്ളവര്‍
6. കാന്‍സര്‍ രോഗികള്‍
7. ഗര്‍ഭിണികള്‍
8. 0 മുതല്‍ അഞ്ച് വരെ പ്രായമുള്ള കുട്ടികളെ പരിപാലിക്കുന്ന മുലകൊടുക്കുന്ന അമ്മമാര്‍
9. മാറാത്ത കിഡ്‌നി രോഗമുള്ളവരും ഡയാലിസിസിന് വിധേയരാകുന്നവരും
10. മാറാത്ത കരള്‍ രോഗമുള്ളവര്‍
11. കാല്‍ മുറിച്ചു മാറ്റിയവര്‍
12. ദൈനംദിന ജീവിതത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട ഭിന്നശേഷിക്കാര്‍
13. ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ അമ്മമാരും
14. അപസ്മാര രോഗികള്‍
15. ഡയബറ്റിക് ഫൂട്ട് രോഗമുള്ളവര്‍
16. 10 ദിവസത്തിനുള്ളില്‍ അടുത്ത ബന്ധു മരിച്ചവര്‍
17. ചികില്‍സയില്‍ കഴിയുന്നവരും അടച്ചിട്ട അവസ്ഥയില്‍ കഴിഞ്ഞാല്‍ പ്രശ്‌നമുണ്ടാവാന്‍ സാധ്യതയുള്ളവരുമായ മാനസിക ആരോഗ്യ പ്രശ്‌നമുള്ളവര്‍
18. ന്യൂറോപ്പതി, കിഡ്‌നി, കണ്ണു രോഗം തുടുങ്ങിയ പ്രമേഹ സംബന്ധമായ സങ്കീര്‍ണതകളുള്ളവര്‍
19. മുതിര്‍ന്നവര്‍ കൂടെയില്ലാത്ത 18 വയസ്സിന് താഴെ പ്രായമുള്ളവര്‍

ഖത്തറില്‍ നിന്ന് പോകുമ്പോള്‍ ഇളവുള്ളവര്‍ കൂടെയുണ്ടായിരുന്നതും എന്നാല്‍, തിരിച്ചു വരുമ്പോള്‍ അവര്‍ കൂടെയില്ലാത്തവരുമായ യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. രാജ്യത്തേക്ക വരുന്ന സന്ദര്‍ശകര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ഇളവ് ലഭിക്കില്ല.

മാറാവ്യാധികളുള്ളവര്‍ മെഡിക്കല്‍ റിപോര്‍ട്ടിനായി മൈഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് റിപോര്‍ട്ട് നേടുകയോ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയോ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെയോ വെബ്‌സൈറ്റുകളില്‍ മാറാരോഗത്തിനുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയോ ചെയ്യണം.
Now, 19 categories of travellers eligible for home quarantine in Qatar