ഖത്തറില്‍ നിന്ന് ഈജിപ്തിലേക്കും യുഎഇയിലേക്കും വിമാന സര്‍വീസ് പുനരാരംഭിച്ചു

qatar egypt flight service

ദോഹ: 2017ന് ശേഷം ആദ്യമായി ഖത്തറില്‍ നിന്ന് ഈജിപ്തിലേക്കും യുഎഇയിലേക്കും വിമാന സര്‍വീസ് പുനരാരംഭിച്ചു. ഈജിപ്ത് എയര്‍ വിമാനം ഇന്ന് രാവിലെ ദോഹയില്‍ നിന്ന് കെയ്‌റോയിലേക്ക് പറന്നു. അതിന് തൊട്ടുമുമ്പ് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറബ്യേ വിമാനം ഖത്തറിലെത്തി. ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ഇന്ന് വൈകീട്ട് 3.30ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് 5.55ന് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ദോഹയ്ക്കും കെയ്‌റോയ്ക്കും ഇടയില്‍ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ചത് ഖത്തറിലുള്ള ആയിരക്കണക്കിന് ഈജിപ്ഷ്യന്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. മൂന്ന് ലക്ഷത്തോളം ഈജിപ്തുകാര്‍ ഖത്തറിലുണ്ടെന്നാണ് കണക്ക്. ഇതില്‍ പലര്‍ക്കും പ്രതിസന്ധി കാലത്ത് നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. സൗദിക്കും ഖത്തറിനുമിടയിലുള്ള വിമാന സര്‍വീസ് ജനുവരി 11ന് പുനരാരംഭിച്ചിരുന്നു. സൗദിയിലേക്കുള്ള കരമാര്‍ഗം യാത്രയും പുനരാരംഭിച്ചു കഴിഞ്ഞു. ഇന്ന് യുഎഇ, ഈജിപ്ത് സര്‍വീസ് കൂടി ആരംഭിച്ചതോടെ ഇനി ബഹ്‌റൈനിലേക്കുള്ള സര്‍വീസാണ് ബാക്കിയുള്ളത്.