ഖത്തര്‍ എയര്‍വെയ്‌സിന്റെ ആദ്യ യുഎഇ വിമാനം 27ന് ദുബയിലേക്ക്

qatar airways flight to uae

ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ അടുത്ത ആഴ്ച്ച മുതല്‍ യുഎഇയിലേക്ക് സര്‍വീസ് ആരംഭിക്കും. ജനുവരി 27ന് ദുബയിലേക്കാണ് ആദ്യ വിമാനം. തൊട്ടടുത്ത ദിവസം അബൂദബിയിലേക്കും പറക്കും. ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റ് പ്രകാരം 27ന് വൈകീട്ട് 6 മണിക്ക് ക്യുആര്‍ 1018 വിമാനം ദോഹയില്‍ നിന്ന് പുറപ്പെട്ട് യുഎഇ സമയം 9.10ന് ദുബയിലെത്തും. അബൂദബി വിമാനം 28ന് വൈകീട്ട് 7.50ന് ആണ് പുറപ്പെടുക. 9.55ന് യുഎഇയില്‍ എത്തും.

ഖത്തറും അയല്‍ രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട അല്‍ ഊല കരാറാണ് മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി തുറക്കാന്‍ വഴിയൊരുക്കിയത്. സൗദിയിലേക്കും ഈജിപ്തിലേക്കും ഖത്തര്‍ എയര്‍വെയ്‌സ് ഇതിനകം സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ബഹ്‌റൈനിലേക്കും ഉടന്‍ വിമാനം പറക്കുമെന്നാണു പ്രതീക്ഷ.