ഖത്തര്‍ എയര്‍വെയ്‌സ് 20 ശതമാനം ജീവനക്കാരെ ഒഴിവാക്കും

qatar airways job cut

ദോഹ: കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ 20 ശതമാനം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് സ്ഥിരീകരിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ചുരുങ്ങിയത് അടുത്ത മൂന്ന് വര്‍ഷത്തേക്ക് കമ്പനിയുടെ 20 ശതമാനം വിമാനങ്ങളും പറത്താന്‍ കഴിയില്ലെന്നും ഈ സാഹചര്യത്തില്‍ മറ്റു വഴികളില്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കിര്‍ ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ലോകത്തെ എല്ലാ വിമാന കമ്പനികളും നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് വിമാനത്തിനകത്ത് പ്രായോഗികമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചുരുങ്ങിയത് ഒന്നര മീറ്റര്‍ ദൂരമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങിന് വേണ്ടത്. വിമാനത്തില്‍ അത് ഒരിക്കലും പ്രായോഗികമല്ല. ഡ്രോപ്ലറ്റ് വഴിയാണ് കോവിഡ് പകരുന്നതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. അത് ഒഴിവാക്കാന്‍ മാസ്‌ക്കും ഗ്ലൗവും ധരിക്കുക, സാനിറ്റൈസേഷന്‍ നടത്തുക, ഹെപ ഫില്‍ട്ടര്‍ ഉപയോഗിച്ച് എയര്‍ ഫില്‍ട്ടര്‍ ചെയ്യുക തുടങ്ങിയവ മാത്രമേ വിമാനത്തിനകത്ത് സാധ്യമാവൂ. ഖത്തര്‍ എയര്‍വെയ്‌സ് ഇവ നടപ്പാക്കുന്നതില്‍ മുന്‍നിരയിലാണ്. ഖത്തര്‍ എയര്‍വെയ്‌സ് വിമാന ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് അണുനാശിനികള്‍ നല്‍കുക, ശരീര താപം പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നുണ്ട്.

വിമാന ജീവനക്കാര്‍ക്ക് 14 ദിവസം ക്വാരന്റൈന്‍ എന്നതും അപ്രായോഗികമാണെന്ന് അല്‍ ബാക്കിര്‍ പറഞ്ഞു. അത് ഈ മേഖലയെ തകര്‍ക്കും. ചികില്‍സയും വാക്‌സിനും മാത്രമാണ് കൊറോണയ്ക്ക് പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.

qatar airways to cut nearly 20 percent of workforce