X
നാലര മാസത്തിനു ശേഷം ഖത്തറിലെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ഥന ആരംഭിച്ചു

നാലര മാസത്തിനു ശേഷം ഖത്തറിലെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ഥന ആരംഭിച്ചു

personmtp rafeek access_timeSunday August 2, 2020
HIGHLIGHTS
ഖത്തര്‍ അബുഹമൂറിലെ റിലീജിയസ് കോംപ്ലക്സിലുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തുറന്നു.

ദോഹ: ഖത്തര്‍ അബുഹമൂറിലെ റിലീജിയസ് കോംപ്ലക്സിലുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തുറന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പരിമിതമായ ആളുകകള്‍ക്ക് മാത്രമാണ് പ്രവേശനം. നാലര മാസത്തിന് ശേഷം കോവിഡ് നിയന്ത്രണങ്ങളിലെ 3ാം ഘട്ട ഇളവുകളുടെ ഭാഗമായാണ് ജൂലൈ 29 മുതല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ത്ഥന പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.

പ്രധാന പള്ളികളില്‍ പരമാവധി 250 വരെയും മറ്റ് പള്ളികളില്‍ 100 വരെയും മാത്രമേ പ്രവേശിപ്പിക്കൂ. കോവിഡ് ട്രാക്കിങ് ആപ്പിയാ ഇഹ്തിറാസില്‍ പച്ച സ്റ്റാറ്റസ് ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. വിശ്വാസികളുടെ ശരീര താപനില പ്രവേശന കവാടത്തില്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. താപനില 38 ഡിഗ്രിയില്‍ കൂടിയവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

പളളികളിലെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാര്‍ത്ഥനക്ക് 48 മണിക്കൂര്‍ മുമ്പായി ഇന്റര്‍ ഡിനോമിനേഷണല്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ (ഐഡിസിസി) ഗേറ്റ് പാസിന് അപേക്ഷിക്കണം. അതാത് പള്ളികള്‍ മുഖേന ഐഡിസിസിയില്‍ ഗേറ്റ് പാസിനായി അപേക്ഷ നല്‍കാം. ഗേറ്റ് പാസുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. പ്രധാന പ്രവേശന കവാടത്തില്‍ ഗേറ്റ് പാസ്, ഖത്തര്‍ ഐഡി അല്ലെങ്കില്‍ പാസ്പോര്‍ട് കോപ്പി എന്നിവ കാണിക്കണം.

വിശ്വാസികള്‍ മാസ്‌ക്, കയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഹാന്‍ഡ് സാനിട്ടൈസറുകള്‍ സ്വന്തമായി കൊണ്ടുവരണം. 12 വയസില്‍ താഴെയുളള കുട്ടികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പള്ളികളില്‍ പ്രവേശനം അനുവദിക്കില്ല. വിട്ടുമാറാത്ത രോഗമുള്ളവര്‍ പള്ളികളിലേക്കുള്ള വരവ് ഒഴിവാക്കണം. 1.5 മീറ്റര്‍ ശാരീരിക അകലം പാലിച്ചു കൊണ്ടു വേണം വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍. പ്രാര്‍ത്ഥനക്ക് 30 മിനിറ്റ് മുമ്പ് മാത്രമാണ് റിലീജിയസ് കോംപ്ലക്സിന്റെ പ്രധാന കവാടം തുറക്കുക. പ്രാര്‍ത്ഥനക്ക് 15 മിനിറ്റ് മുമ്പ് മാത്രമേ പള്ളികള്‍ക്ക് അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു.

SHARE :
folder_openTags
content_copyCategory