News Flash
X
നിയന്ത്രണത്തിന്റെ ശ്വാസംമുട്ടലില്‍ നിന്ന് മോചനം; ഖത്തറില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍

നിയന്ത്രണത്തിന്റെ ശ്വാസംമുട്ടലില്‍ നിന്ന് മോചനം; ഖത്തറില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍

personmtp rafeek access_timeTuesday June 30, 2020
HIGHLIGHTS
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കും.

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കും. മാസങ്ങളായി അടച്ചിട്ടിരിക്കുന്ന രാജ്യത്തെ പാര്‍ക്കുകളും മ്യൂസിയങ്ങളും ഖത്തറില്‍ പ്രവാസികളുടെ പ്രധനാ ആശ്വാസ കേന്ദ്രമായ കോര്‍ണിഷും നാളെ മുതല്‍ തുറക്കും. വിനോദങ്ങള്‍ക്കു വഴിയില്ലാതെ വീടിന്റെ അകത്തളങ്ങളില്‍ കെട്ടിപ്പൂട്ടിയിരുന്നവര്‍ക്ക് ഒരു പരിധിവരെ ആശ്വാസം പകരുന്നതായിരിക്കും ഈ നടപടി.

നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങളും ഇളവുകളും

1. കൂടുതല്‍ പള്ളികള്‍ അഞ്ച് നേരവും പ്രാര്‍ഥനക്കായി തുറക്കും. മതിയായ സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച് പരിമിതമായ ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കൂ.

2. പൊതു, സ്വകാര്യ ഇടങ്ങളിലെ ഒത്തുചേരലുകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.

3. തൊഴിലിടങ്ങളില്‍ മതിയായ സുരക്ഷാ മുന്‍കരുതലുകളോടെ തൊഴിലാളികളുടെ എണ്ണം 50 ശതമാനമാക്കാം.

4. 50 ശതമാനം ജീവനക്കാര്‍ക്ക് ഓഫിസുകളില്‍ എത്തി ജോലി ചെയ്യാം.

5. കുടുംബങ്ങള്‍ക്ക് ബോട്ടുകളും നൗകകളും വാടകക്കെടുത്ത് സഞ്ചരിക്കാം. 10 പേരില്‍ കൂടുതല്‍ പേര്‍ പാടില്ല.

6. രാജ്യത്തെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണിഷുകളും പൊതുജനങ്ങള്‍ക്കായി തുറക്കും. എല്ലാ പ്രായക്കാര്‍ക്കും പ്രവേശനം.

7. തുറസ്സായ സ്ഥലങ്ങളിലും വലിയ ഹാളുകളിലും കായിക താരങ്ങള്‍ക്ക് പരിശീലനങ്ങളിലേര്‍പ്പെടാം. പരമാവധി 10 പേര്‍.

8. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ശേഷി 60 ശതമാനമാക്കി ഉയര്‍ത്തി.

9. പരിമിതമായ സമയത്തിലും ശേഷിയിലും രാജ്യത്തെ മ്യൂസിയങ്ങളും ലൈബ്രറികളും പുനരാരംഭിക്കും.

വിനോദസഞ്ചാര മേഖലകളിലെ റെസ്റ്റോറന്റുകള്‍ തുറക്കും

സൂഖ് വാഖിഫ്, അല്‍-വക്ര ഓള്‍ഡ് സൂഖ്, പേള്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ്, സ്പോര്‍ട്സ് ക്ലബ്ബുകളിലും ടൂറിസ്റ്റ് ഏരിയയിലുമുള്ള റെസ്റ്റോറന്റുകള്‍, കിയോസ്‌കുകള്‍, ഖത്തര്‍ മ്യൂസിയങ്ങള്‍, അല്‍-ഹസിം, മഷൈറബ് ഡൗണ്‍ടൗണ്‍ ദോഹ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളും നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

നാളെ പ്രവര്‍ത്തനം ആരംഭിക്കുന്ന റസ്റ്റോറന്റുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:

-അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള കൊവിഡ് ആരോഗ്യ- പ്രതിരോധ മുന്‍കരുതല്‍ നിയമങ്ങള്‍ പാലിക്കണം.

-റെസ്റ്റോറന്റ് ശേഷിയുടെ 50 ശതമാനം മാത്രമേ ഉപയോഗിക്കാവൂ

-പാര്‍ക്കിംഗ് സ്ഥലങ്ങളും 50 ശതമാനമേ ഉപയോഗിക്കാവൂ

-ഉപഭോക്താക്കള്‍ തമ്മില്‍ കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം

-റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിന് പ്രീ-ബുക്കിംഗ് ആവശ്യമാണ്. ഉപഭോക്താക്കള്‍ റെസ്റ്റോറന്റില്‍ പ്രവേശനത്തിന് മുമ്പ് അവരുടെ ഇഹ്തിറാസ് അപ്ലിക്കേഷന്‍ കാണിക്കണം

ഇളവുകളിലും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം.
2. സാമൂഹിക അകലം പാലിക്കുക
3. ഇഹ്തിറാസ് ആപ്പ് പ്രവര്‍ത്തിപ്പിക്കുക

SHARE :
folder_openTags
content_copyCategory