
2 മിനിറ്റ് 52 സെക്കന്റ് കൊണ്ട് ലോകരാജ്യങ്ങളുടെ പേരുകളും തലസ്ഥാനവും; അമ്പരപ്പിച്ച് ഖത്തറിലെ മലയാളി കുരുന്ന്(വീഡിയോ)
ദോഹ: ലോക രാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങളും ഏറ്റവും വേഗതയില്‍ പറഞ്ഞ് റെക്കോഡിട്ട് ഖത്തറിലെ മലയാളി വിദ്യാര്‍ഥിനി. ദോഹ എംഇഎസ് ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കേസിയ സൂസന് ആണ് ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയത്.
രണ്ട് മിനിറ്റും 22 സെക്കന്റും കൊണ്ടാണ് ഈ കൊച്ചുമിടുക്കി 195 രാജ്യങ്ങളുടെ പേരുകളും അവയുടെ തലസ്ഥാനങ്ങളും ഉരുവിട്ടത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പേരുകളും തല്സ്ഥാനങ്ങളും മുഖ്യമന്ത്രിമാരുടെ പേരുകള്‍, ഇതുവരെയുള്ള പ്രധാനമന്ത്രിമാരുടെ പേരുകള്‍ തുടങ്ങിയവയും അതിവേഗത്തില്‍ കാണാതെ ഉരുവിടാന്‍ ഈ കൊച്ചുമിടുക്കിക്ക് കഴിയും. അഞ്ചാം വയസ്സ് മുതല്‍ തന്നെ അപാര ഓര്‍മശക്തി പ്രകടിപ്പിച്ചിരുന്ന കേസിയ വിവിധ ക്വിസ് മല്‍സരങ്ങളില്‍ എംഇഎസ് സ്കൂളിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ കേസിയ സൂസന് ഖത്തര്‍ ഗ്യാസില്‍ ജീവനക്കാരനായ ജോണ്‍ അലക്സാണ്ടര്‍ മണപ്പള്ളിലിന്റെയും ഫിസിയോതെറാപ്പിസ്റ്റി ലിന്‍ജു ജോണിന്റെയും മകളാണ്.
എംഇഎസ് ഗവേണിങ് ബോര്‍ഡ് പ്രസിഡന്റ് കെ അബ്ദുല്‍ കരീം, പ്രിന്‍സിപ്പാള്‍ ഹമീദ് കാദര്‍ എന്നിവര്‍ കേസിയയുടെ പ്രകടനത്തെ അഭിനന്ദിച്ചു.