News Flash
X
പിഎന്‍ ബാബുരാജന്‍ ഐസിസി പ്രസിഡന്റ്; സ്‌പോര്‍ട്‌സ് സെന്റര്‍ തലപ്പത്ത് ഡോ. മോഹന്‍ തോമസ്

പിഎന്‍ ബാബുരാജന്‍ ഐസിസി പ്രസിഡന്റ്; സ്‌പോര്‍ട്‌സ് സെന്റര്‍ തലപ്പത്ത് ഡോ. മോഹന്‍ തോമസ്

personmtp rafeek access_timeThursday January 7, 2021
HIGHLIGHTS
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അപെക്സ് സംഘടനകളുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ വോട്ടിങ് പൂര്‍ത്തിയായി.

സിയാദ് ഉസ്മാന്‍ ഐസിബിഎഫ് പ്രസിഡന്റ്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അപെക്സ് സംഘടനകളുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ വോട്ടിങ് പൂര്‍ത്തിയായി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) പ്രസിഡന്റായി നിലവിലെ ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജന് 759 വോട്ടും എതിര്‍ സ്ഥാനാര്‍ഥിയായ ജൂട്ടാസ് പോളിന് 521 വോട്ടും ലഭിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍(ഐഎസ്‌സി) പ്രസിഡന്റായി ഖത്തറിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായ ഡോ. മോഹന്‍ തോമസാണ് തിരഞ്ഞെടുക്കപ്പെട്ടത്. മോഹന്‍ തോമസിന് 642 വോട്ടുകളാണ് ലഭിച്ചത്. ഇതേ സ്ഥാനത്തേക്ക് മല്‍സരിച്ച ഷറഫു പി ഹമീദിന് 473 വോട്ടുകളും ലഭിച്ചു. ഐഎസ്‌സി മാനേജിങ് കമ്മിറ്റി അംഗങ്ങളായി റുക്കയ്യ അഹ്‌സന്‍ അലി, ടിഎസ് ശ്രീനിവാസ്, ഷെജി വലിയകത്ത്, വര്‍ക്കി ബോബന്‍ എന്നിവരും ഐസിസി മാനേജിങ് കമ്മിറ്റി അംഗങ്ങളായി സുബ്രഹ്മണ്യ ഹെബ്ബഗെലു, അഫ്‌സല്‍ അബ്ദുല്‍ മജീദ്, അനീഷ് ജോര്‍ജ് മാത്യു, കമല ദാനിഷ് താക്കൂര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സിയാദ് ഉസ്മാന്‍ ആണ് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) പ്രസിഡന്റ്. 938 വോട്ടുകളോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥി സന്തോഷ് കുമാര്‍ പിള്ളയ്ക്ക് 471 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രജിനി മൂര്‍ത്തി വിശ്വനാഥ്, സാബിത്ത് സഹീര്‍, കുല്‍ദീപ് കൗര്‍ നവീന്‍കുമാര്‍, വിനോദ് വേലായുധന്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍.

ഖത്തര്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി ഒമ്പതുമണിവരെയായിരുന്നു ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ. ഡിസംബര്‍ 26ന് നടക്കേണ്ട തിരഞ്ഞെടുപ്പ് മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാല്‍ ജനുവരി 7ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) തെരഞ്ഞെടുപ്പ് തല്‍ക്കാലം നടത്തില്ലെന്ന് എംബസി നേരത്തേ അറിയിച്ചിട്ടുണ്ട്.

കരുത്തരായ നിരവധി സ്ഥാനാര്‍ഥികള്‍ രംഗത്തുള്ളതിനാല്‍ ഇത്തവണ വീറും വാശിയും ഏറെയുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവും അണിയറ നീക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമായിരുന്നു. ഐസിബിഎഫില്‍ 3200ഓളം അംഗങ്ങളും ഐ.സി.സിയില്‍ 2600ഓളം അംഗങ്ങളുമാണുള്ളത്.

SHARE :
folder_openTags
content_copyCategory