News Flash
X
ആഭ്യന്തര വിപണിയിൽ സൾഫർ കുറഞ്ഞ ഡീസൽ വിതരണം ആരംഭിച്ച് ഖത്തർ പെട്രോളിയം

ആഭ്യന്തര വിപണിയിൽ സൾഫർ കുറഞ്ഞ ഡീസൽ വിതരണം ആരംഭിച്ച് ഖത്തർ പെട്രോളിയം

personmtp rafeek access_timeMonday September 28, 2020
HIGHLIGHTS
ഖത്തർ പെട്രോളിയം റിഫൈനറിയിലെ ഡീസൽ ഹൈഡ്രോ-സംസ്‌കരണ യൂനിറ്റ് നവീകരിച്ചതോടെയാണ് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് യുഎൽഎസ്ഡി ഉത്പാദനം ആരംഭിച്ചത്.

ദോഹ: ആഭ്യന്തര വിപണിയിൽ സൾഫർ കുറഞ്ഞ ഡീസൽ (അൾട്രാ ലോ സൾഫർ ഡീസൽ-യുഎൽഎസ്ഡി) വിതരണം ചെയ്യാൻ ഖത്തർ പെട്രോളിയം ആരംഭിച്ചു. മിസൈദിലെ റിഫൈനറിയിൽ നിന്നാണ് ആഭ്യന്തര യാത്രാ വിപണിയിലേക്ക് യുഎൽഎസ്ഡി വിതരണം ചെയ്യുന്നത്.

ഉയർന്ന ഗ്രേഡിലുള്ള പ്രീമിയം ഡീസൽ യൂറോപ്യൻ എമിഷൻ സ്റ്റാൻഡേർഡ് (യുറോ-5) മാനദണ്ഡങ്ങൾ പ്രകാരമാണ് ഉത്പാദിപ്പിച്ചിട്ടുള്ളത്. ഖത്തർ പെട്രോളിയം റിഫൈനറിയിലെ ഡീസൽ ഹൈഡ്രോ-സംസ്‌കരണ യൂനിറ്റ് നവീകരിച്ചതോടെയാണ് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് യുഎൽഎസ്ഡി ഉത്പാദനം ആരംഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള ഉത്പാദന, വിതരണ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി തുറമുഖത്ത് നിന്ന് സൾഫർ കുറഞ്ഞ ഇന്ധനത്തിന്റെ (വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ-വിഎൽഎസ്എഫ്ഒ) ആഗോള വിതരണം നേരത്തെ ആരംഭിച്ചിരുന്നു. 2020 ജനുവരി ഒന്ന് മുതൽ സമുദ്ര ഇന്ധനങ്ങളുടെ ആഗോള സൾഫർ പരിധി 0.50 ശതമാനമായിരിക്കണമെന്ന ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) 2020ന്റെ ചട്ടങ്ങൾ പ്രകാരമായിരുന്നു വിതരണത്തിന് തുടക്കമിട്ടത്.

2020 ജനുവരി ഒന്ന് മുതൽ ഐഎംഒയുടെ ചട്ടത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ കപ്പൽ ഉടമകൾക്കും പ്രവർത്തകർക്കും റാസ്ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി തുറമുഖം ഉൾപ്പെടെയുള്ള രാജ്യത്തെ തുറമുഖങ്ങളിൽ നിന്ന് സൾഫർ കുറഞ്ഞ ഇന്ധന വിതരണം ആരംഭിച്ചിരുന്നു.

SHARE :
folder_openTags
content_copyCategory