
ഉപരോധം അവസാനിച്ചതു കൊണ്ട് തുര്‍ക്കിയും ഇറാനുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തില്ലെന്ന് ഖത്തര്‍
ദോഹ: സൗദി സഖ്യ രാഷ്ട്രങ്ങളുടെ ഉപരോധം അവസാനിച്ചാലും ഇറാനുമായും തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തില്ലെന്ന് ഖത്തര്‍. ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് ആല്‍ഥാനി ഫിനാന്‍ഷ്യല്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഭീകരതാ വിരുദ്ധ പ്രവര്‍ത്തനം, രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷ എന്നിവയില്‍ സൗദിയും മറ്റു മൂന്ന് രാജ്യങ്ങളുമായി സഹകരിക്കാമെന്ന് ഖത്തര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഉഭയ കക്ഷി ബന്ധങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തില്‍പ്പെട്ടതാണ്. ദേശീയ താല്പര്യമനുസരിച്ചാണ് അതില്‍ തീരുമാനനമെടുക്കുക. അതുകൊണ്ട് തന്നെ മറ്റേതെങ്കിലും രാജ്യവുമായുള്ള ബന്ധത്തെ കരാര്‍ ബാധിക്കില്ല-അഭിമുഖത്തില്‍ അബ്ദുല്‍ റഹ്മാന് ആല്‍ഥാനി ഊന്നിപ്പറഞ്ഞു.
ഖത്തറിനെതിരേ സൗദി സഖ്യ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് കാരണമായി തുര്‍ക്കിയും ഇറാനുമായുള്ള ബന്ധത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. ഉപരോധം പിന്‍വലിക്കാനായി ആ സമയത്ത് മുന്നോട്ട് വച്ച് 13 ഉപാധികളില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം വെട്ടിക്കുറക്കുക, ഖത്തറിലെ തുര്‍ക്കി സൈനിക താവളം പൂട്ടുക തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, അല്‍ ജസീറയുടെ കാര്യത്തില്‍ ഖത്തര്‍ നിലപാട് മാറ്റില്ലെന്നാണ് അല്‍ ഉല കരാര്‍ പ്രഖ്യാപനത്തിന് ശേഷം ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് ആല്‍ഥാനി വ്യക്തമാക്കിയത്.
കരാര്‍ ഒപ്പിട്ട് ഒരാഴ്ച്ചയ്ക്കകം ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാവുമെന്ന് ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് ആല്‍ഥാനി പ്രതീക്ഷ പ്രകടിപ്പിച്ചു. അല്‍ ഉല കരാര്‍ എല്ലാ രാജ്യങ്ങളുടെയും വിജയമാണ്. എന്നാല്‍, പൂര്‍ണമായ സ്വരച്ചേര്‍ച്ചയിലെത്താന്‍ സമയമെടുത്തേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
WATCH ALSO