
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ ശുഭസൂചനകള്‍ കണ്ടു തുടങ്ങിയതായി ഖത്തര്‍
ദോഹ: ഈയിടെ നടന്ന അനുരഞ്ജന ചര്‍ച്ചകളില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിലേക്കുള്ള ശുഭസൂചനകള്‍ കാണുന്നുണ്ടെന്ന് യുഎസിലെ ഖത്തര്‍ അംബാസഡര്‍ മിഷല്‍ ആല്‍ഥാനി.
സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷനല്‍കുന്ന സൂചനകള്‍ കാണുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ സന്ദര്‍ശനവും കുവൈത്ത് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയുമൊക്കെ ശുഭകരമാണ്. കുവൈത്തിന്റെ ശ്രമങ്ങള്‍ക്ക് സെക്രട്ടറി പോംപിയോ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് ആല്‍ഥാനി പറഞ്ഞു.
വിഷയത്തില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളും രാജ്യത്തിന്റെ പരമാധികാരം പരസ്പരം ബഹുമാനിച്ച് കൊണ്ട് ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ ഉപരോധം അവസാനിക്കുന്നതിന് വഴിയൊരുങ്ങുമെന്ന് ഖത്തര്‍ അംബാസഡര്‍ പറഞ്ഞു. ഖത്തര്‍ ചര്‍ച്ചയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.