
ക്വാറന്റീനിലുള്ള അമ്മയാണോ? കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കുന്നത് നിര്‍ത്തണ്ട
ദോഹ: കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റീനിലാണെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കുന്നത് തുടരണമെന്ന് ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍(പിഎച്ച്സിസിസി). കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് മുലപ്പാലെന്ന് ഉംസലാല്‍ ഹെല്‍ത്ത് സെന്ററിലെ മെന്റല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് കൗണ്‍സിലര്‍ മുന സലാഹ് ബക്റാവി പറഞ്ഞു. ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുലപ്പാല്‍ കുഞ്ഞുങ്ങളില്‍ രോഗപ്രതിരോധ ശേഷി വളര്‍ത്തുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ഈ പ്രതിരോധ ശേഷി കുട്ടിക്കാലത്തുടനീളം നിലനില്ക്കും. കോവിഡ് മഹാമാരിക്കാലത്ത് മുലപ്പാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേ കാര്യക്ഷമമായ പ്രതിരോധം തീര്ക്കം. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് നേരിട്ട് ആന്റിബോഡി കൈമാറുന്നതിനാല്‍ കുഞ്ഞിന്റെ പ്രതിരോധ ശേഷിക്ക് മുലപ്പാല്‍ കരുത്തു പകരും. അതുകൊണ്ട് തന്നെ ക്വാറന്റീന് സമയത്ത് മുലയൂട്ടല്‍ തുടരുന്നത് പ്രധാനമാണ്. കുഞ്ഞിന് രോഗം പകരുമോ എന്ന് ആശങ്കപ്പെടുന്നത് ഒഴിവാക്കണം. അമിതമായ ആശങ്ക മുലപ്പാലിന്റെ ഒഴുക്കിനെ ബാധിക്കുമെന്ന് ബക്റാവി പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയം സജ്ജീകരിച്ച 16,000 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ വിളിച്ചാല്‍ ആവശ്യമായ ഉപദേശങ്ങളും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായവശ്യമായ നിര്‍ദേശങ്ങളും ലഭിക്കും.
Quarantined nursing mothers advised to continue breastfeeding