News Flash
X
സാഹസിക സഞ്ചാരികളെ ക്ഷണിച്ച് റാസൽഖൈമ

സാഹസിക സഞ്ചാരികളെ ക്ഷണിച്ച് റാസൽഖൈമ

personmtp rafeek access_timeSunday October 11, 2020
HIGHLIGHTS
നിരവധി പുതിയ സാഹസിക സങ്കേതങ്ങൾ പരിചയപ്പെടുത്തുന്ന അക്കാദമിയാണ് റാസൽഖൈമയിൽ ആരംഭിക്കാൻ പോകുന്നത്.

റാസൽഖൈമ: സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്കായി റാസൽഖൈമ പുതിയ പദ്ധതിയൊരുക്കുന്നു. മലകയറ്റവും സൈക്കിൾ സവാരിയുമടക്കമുള്ളവയ്ക്കായി നിരവധി പേരാണ് ഇവിടെ ഓരോ സീസണിലും എത്താറുള്ളത്. അത്തരത്തിലുള്ളവർക്ക് നിരവധി പുതിയ സാഹസിക സങ്കേതങ്ങൾ പരിചയപ്പെടുത്തുന്ന അക്കാദമിയാണ് റാസൽഖൈമയിൽ ആരംഭിക്കാൻ പോകുന്നത്. സാഹസിക യാത്രകൾകൊണ്ട് ലോകത്തെ മുഴുവൻ ആശ്ചര്യപ്പെടുത്തിയ സാക്ഷാൽ ബിയർ ഗ്രിൽസാണ് ഈ പദ്ധതിക്ക് പിന്നിൽ.

‘ബിയർ ഗ്രിൽസ് സർവൈവൽ അക്കാദമി’ റാസൽഖൈമയിലെ മലനിരകളിലെ ആരും കാണാത്ത കാഴ്ചകളിലേക്ക് ഉടൻ സന്ദർശകരുമായി യാത്ര തുടങ്ങും. സാഹസിക യാത്രകളുമായി ബന്ധപ്പെട്ട എല്ലാരീതികളും ഇവിടെ താമസിച്ച് പഠിക്കാൻ അവസരമുണ്ട്. ജബെൽ ജെയ്സൽ ‘വയ ഫെരാറ്റ’യോട് ചേർന്നാണ് അക്കാദമി ആരംഭിക്കുന്നത്. റാസൽഖൈമ ഹോസ്പിറ്റാലിറ്റി ഹോൾഡിംഗ്‌സിന്റെ കീഴിലുള്ള റാക്ക് ലിഷറുമായി ചേർന്നാണ് അക്കാദമിയുടെ പ്രവർത്തനം. മുതിർന്നവർക്കും കുടുംബങ്ങൾക്കുമെല്ലാം പ്രത്യേകപരിശീലന പരിപാടികളും ഇവിടെ നടത്തും.

ബ്രിട്ടനിലെ ബിയർ ഗ്രിൽസ് സർവൈവൽ അക്കാദമി വിജയമായതിന്റെ പശ്ചാത്തലത്തിലാണ് യുഎഇയിലും സമാനമായ അക്കാദമി ഒരുങ്ങുന്നത്. ഇരുപതോളം ഉപേക്ഷിക്കപ്പെട്ട കണ്ടെയ്നറുകൾ രൂപമാറ്റം വരുത്തിയുണ്ടാക്കുന്ന ക്യാമ്പ് താമസകേന്ദ്രം അടുത്തവർഷത്തോടെ മാത്രമേ പ്രവർത്തനമാരംഭിക്കുകയുള്ളൂ. യുഎഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമെന്ന നിലക്ക് ഓരോ തവണയും പുതിയ പദ്ധതികളാണ് റാസൽഖൈമ സന്ദർശകർക്കായി ഒരുക്കാറുള്ളതെന്ന് ടൂറിസം ഡെവലപ്പ്മെന്റ് സിഇഒ. രാഖി ഫിലിപ്സ് പറഞ്ഞു. സാഹസിക സഞ്ചാരം ആഗ്രഹിക്കുന്നവർക്ക് വേറിട്ട അനുഭവമാണ് അക്കാദമി സമ്മാനിക്കുകയെന്നും അവർ വ്യക്തമാക്കി.

പരിസ്ഥിതിക്കിണങ്ങും വിധത്തിൽ സാഹസിക അനുഭവങ്ങൾ പകർന്നുനൽകുന്ന നിരവധി പദ്ധതികളാണ് അക്കാദമി നടപ്പാക്കുകയെന്ന് അക്കാദമി മാനേജിംഗ്് ഡയറക്ടർ പോൾ ഗാർഡിനർ വ്യക്തമാക്കി.

വിനോദസഞ്ചാരികൾക്കു പിസിആർ ടെസ്റ്റ് സൗജന്യം
റാസൽഖൈമ: റാസൽഖൈമയിൽ നിന്ന് മടങ്ങുന്ന രാജ്യാന്തര വിനോദസഞ്ചാരികൾക്ക് സൗജന്യമായി പിസിആർ ടെസ്റ്റ് നടത്താൻ സൗകര്യമൊരുക്കി അധികൃതർ. റാക് ആശുപത്രിയിലോ അൽ ഹംറ മാളിലെ റാക് മെഡിക്കൽ സെന്ററിലോ ഡിസംബർ 31 വരെ പരിശോധന നടത്താമെന്ന് റാസൽഖൈമ ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.

SHARE :
folder_openTags
content_copyCategory