റിയാദ്: കൊല്ലം സ്വദേശി റിയാദില്‍ കോവിഡ് 19 ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചു. അഞ്ചല്‍ സ്വദേശി ഇടിമുളക്കല് ആതിരഭവനില്‍ മധുസൂദനന് പിള്ള (61) ആണ് മരിച്ചത്. മേയ് മൂന്നിനാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സിസിസി എന്ന കമ്പനിയില്‍ ഡ്രൈവിംഗ് ട്രെയിനര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. 25 വര്‍ഷത്തോളം അദ്ദേഹം ദുബയിലും കുവൈത്തിലും ജോലി ചെയ്തിട്ടുണ്ട്. രമ മണിയാണ് ഭാര്യ. ആതിര ഏക മകളും വിഷ്ണു മരുമകനുമാണ്. പത്മാക്ഷിയമ്മ മാതാവ്. പ്രഭാകുമാര്‍, വരദരാജന്, പത്മരാജന് പിള്ള, ജലജ കുമാരി എന്നിവര്‍ സഹോദരങ്ങളാണ്.
ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ട മലയാളികളുടെ എണ്ണം പതിമൂന്ന് ആയി.