
അതിര്‍ത്തി തുറന്നു, ആദ്യ വാഹനം കാത്ത് അബൂസംറ; കരാര്‍ ഒപ്പുവയ്ക്കാന്‍ ഖത്തര്‍ അമീറും ജാരദ് കുഷ്നറുമെത്തും(Watch Video)
ദോഹ: മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗള്‍ഫില്‍ മുഴുവന്‍ ആഹ്ലാദത്തിരമാലകളുയര്ത്തി ഖത്തര്‍-സൗദി അതിര്‍ത്തി തുറന്നു. ഇന്നലെ അര്‍ധരാത്രിയോട് കൂടി അബൂസംറ അതിര്‍ത്തിയിലെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറക്കുകയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ആരംഭിക്കുകയും ചെയ്തതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, അതിര്‍ത്തി തുറന്നെങ്കിലും ഇതുവരെ വാഹനങ്ങളൊന്നും കടന്നുപോവുന്നത് കാണാനായില്ലെന്ന് അര്‍ധരാത്രിക്കു ശേഷം പ്രദേശം സന്ദര്‍ശിച്ച അല്‍ജസീറ റിപോര്‍ട്ടര്‍ സോറിന് ഫുര്ക്കോയി റിപോര്‍ട്ട് ചെയ്തു. വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഖത്തരി യുവാക്കള്‍ അതിര്‍ത്തിയിലെത്തി. പത്തിലേറെ വാഹനങ്ങള്‍ ഇങ്ങിനെ ഇവിടെയെത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു.
Qatar-Saudi border Abu samra opens pic.twitter.com/agLxGvBiq2
— gulfmalayaly (@gulfmalayaly) January 5, 2021
അതേ സമയം, ഇന്നു സൗദിയിലെ അല്‍ ഊലയില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുക്കും. അമീരി ദിവാന് ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍-സൗദി രാഷ്ട്രത്തലവന്മാന് കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകന് ജാരദ് കുഷ്നറും പങ്കെടുക്കും. അല്‍ ഊല പ്രഖ്യാപനം എന്നാണ് ഇത് അറിയപ്പെടുക. കുഷ്നര്‍ അടുത്തിടെ നടത്തിയ ജിസിസി സന്ദര്‍ശനത്തോടെയാണ് പരിഹാരനടപടികള്‍ ത്വരിതഗതിയിലായത്. അധികാരമൊഴിയുന്നതിന് മുമ്പേ പ്രതിസന്ധി പരിഹരിച്ച് തങ്ങളുടെയും ഇസ്രായേലിന്റെയും ഇറാന് വിരുദ്ധ നിലപാടുകള്‍ക്ക് കൂടുതല്‍ സാഹചര്യമൊരുക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്.
അതിര്‍ത്തി തുറക്കുന്നത് മൂന്നര വര്‍ഷത്തിന് ശേഷം
2017 ജൂണ്‍ 5ന് ആണ് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെതിരെ കരവ്യോമകടല്‍ ഉപരോധം തുടങ്ങിയത്. ഗള്‍ഫ്മേഖലയില്‍ ഏറെ അസ്വാരസ്യങ്ങള്‍ക്കും വേദനകള്‍ക്കും ഇടവെച്ച ഉപരോധത്തിനാണ് മൂന്നര വര്‍ഷത്തിന് ശേഷം ചൊവ്വാഴ്ചയോടെ പരിഹാരമാകുന്നത്. കുവൈത്ത് അമീര്‍, ഖത്തര്‍ അമീറുമായും സൗദി കിരീടാവകാശിയുമായും രണ്ട് തവണ ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തിലേക്കെത്തിയത്. അല്‍ ഊല പ്രഖ്യാപനത്തില്‍ ഇരുരാഷ്ട്രത്തലവന്മാരും ഒപ്പിടുന്നതുസംബന്ധിച്ചും കുവൈത്ത് അമീര്‍ ഇരുവരോടും സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും കര-വ്യോമ-കടല്‍ അതിര്‍ത്തികള്‍ തുറക്കുക എന്നതാണ് കരാര്‍. തുടക്കം മുതലേ കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളാണ് വിജയത്തില്‍ എത്തിയിരിക്കുന്നത്.
ഉപാധികള്‍ എന്തൊക്കെ?
അതേ സമയം, ഉപരോധം അവസാനിപ്പിക്കുന്നതിന് സൗദി അറേബ്യ ഖത്തറിന് മുന്നില്‍ എന്തെങ്കിലും ഉപാധികള്‍ വച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നതായിരുന്നു ഉപരോധം അവസാനിപ്പിക്കാനുള്ള നിബന്ധനകളായി നേരത്തേ സൗദി സഖ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഉപാധികളില്ലാത്ത, രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്ന ഏത് തരം ചര്‍ച്ചകള്‍ക്കും ഒരുക്കമാണെന്നാണ് ഖത്തറിന്റെ തുടക്കം മുതലുള്ള നിലപാട്.
Saudi Arabia opens land border with Qatar