News Flash
X
സൗദിയില്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്കെതിരായ പ്രചാരണം ശക്തം

സൗദിയില്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ക്കെതിരായ പ്രചാരണം ശക്തം

personmtp rafeek access_timeSunday October 18, 2020
HIGHLIGHTS
മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് സൗദിയില്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം തുടരുന്നു. 

റിയാദ്: മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് സൗദിയില്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം തുടരുന്നു.  സൗദിയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലകള്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി. കൂടുതല്‍ സ്ഥാപനങ്ങള്‍ സമാനമായ ബഹിഷ്‌കരണ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.

എല്ലാ തുര്‍ക്കി ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിയും പ്രാദേശിക വിതരണക്കാരില്‍ നിന്നുള്ള സംഭരണവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് അബ്ദുല്ല അല്‍ ഉതൈം മാര്‍കറ്റ്‌സ് കമ്പനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. എല്ലാ ശാഖകളിലും സംഭരണ ശാലകളിലും നിലവിലെ തുര്‍ക്കി സാധനങ്ങള്‍ ഉടന്‍ തീര്‍ക്കാനും പുതിയ ഓര്‍ഡറുകളൊന്നും നല്‍കാതിരിക്കാനുമാണ് തീരുമാനമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

റിയാദിലെ ഏറ്റവും പഴയ സ്റ്റോറുകളിലൊന്നായ അല്‍സദാന്‍ ഗ്രൂപ്പും ബഹിഷ്‌കരണത്തിന് പിന്തുണ അറിയിച്ചു. രാജ്യത്തെയും സൗദി നേതൃത്വത്തെയും ബഹുമാനിക്കാത്ത ഏതൊരു രാഷ്ട്രത്തിന്റെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് വ്യാപാരികള്‍ പറഞ്ഞു.

ഇറാന്‍ അനുകൂല ശക്തികളെ ഉപയോഗിച്ച് മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സൗദിയുടെ പ്രധാന ആരോപണം. ലോകത്തെ പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിനുള്ള പിന്തുണയും സൗദിയെ പ്രകോപിപ്പിക്കുന്നു. ഖത്തറിനെതിരായ ഉപരോധത്തെ ചൂഷണം ചെയ്യാനും തുര്‍ക്കി ശ്രമിക്കുന്നതായി ആരോപണമുണ്ട്.

ഇറക്കുമതി, നിക്ഷേപം, ടൂറിസം എന്നിവയുള്‍പ്പെടെ എല്ലാ മേഖലയും ബഹിഷ്‌കരിക്കാന്‍ ഈ മാസം ആദ്യം സൗദി ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവി അജ്ലാന്‍ അല്‍-അജ്ലാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍, ”തുര്‍ക്കി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക” എന്ന അറബി ഹാഷ്ടാഗും വന്‍തോതില്‍ പ്രചാരം നേടി.

SHARE :
folder_openTags
content_copyCategory