
സൗദിയില്‍ വേതന സംരക്ഷണ നിയമം മുഴുവന്‍ സ്ഥാപനങ്ങളിലേക്കും; ഇന്നു മുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും ബാധകം
റിയാദ്: വേതന സംരക്ഷണ പദ്ധതിയുടെ അവസാന ഘട്ടത്തിന് ഇന്നു മുതല്‍ തുടക്കം കുറിച്ചതായി സൗദി മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഒന്നുമുതല്‍ 4 വരെ തൊഴിലാളികളുള്ള സ്ഥാപങ്ങള്‍ക്കും ഇന്നുമുതല്‍ പദ്ധതി ബാധകമാകും.
പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ മുദാദ് പോര്‍ട്ടല്‍ https://mudad.com.sa സന്ദര്‍ശിക്കാമെന്നും അധികൃതര്‍ അറിയിച്ചു. തൊഴിലാളികളുടെ ശമ്പളം പൂര്‍ണമായും ബാങ്ക് അകൗണ്ട് വഴിയാക്കുക, വേതനം നല്കുന്നതില് കാലതാമസം വരുത്താതിരിക്കുക എന്നിവയാണ് വിവിധ ഘട്ടങ്ങളില്‍ നടപ്പാക്കിയ വേതന സരംക്ഷണ നിയമത്തിലെ പ്രധാന നിബന്ധനകള്‍. വലിയ സ്ഥാപങ്ങളിലെ വേതന നിയമങ്ങള്‍ നേരത്തേ നടപ്പാക്കിയിരുന്നെങ്കിലും നാലു വരെ തൊഴിലാളികള്‍ക്കുള്ള ചെറിയ സ്ഥാപനങ്ങളില്‍ ഇന്നു മുതലാണ് നിയമം പ്രാപല്യത്തില്‍ വരുക.
മൂന്നുമാസം തുടര്‍ച്ചയായി ശമ്പളം ലഭിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് സ്വയം സ്പോണ്‍സര്‍ഷിപ് മാറാനുള്ള അവകാശങ്ങള്‍ ഉള്‍പ്പെടെ നല്‍കിക്കൊണ്ടുള്ള തൊഴില്‍ പരിഷ്കാരം പ്രഖ്യാപിച്ചിരിക്കെയാണ് വേതന സംരക്ഷണ നിയമം മുഴുവന്‍ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.