News Flash
X
ഷാര്‍ജയില്‍ ബാച്ചിലേഴ്‌സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതു തുടരുന്നു

ഷാര്‍ജയില്‍ ബാച്ചിലേഴ്‌സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതു തുടരുന്നു

personmtp rafeek access_timeSaturday November 21, 2020
HIGHLIGHTS
ഷാര്‍ജയില്‍ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ നിന്നു ബാച്ലേഴ്‌സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതു തുടരുന്നു.

ഷാര്‍ജ: ഷാര്‍ജയില്‍ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ നിന്നു ബാച്ലേഴ്‌സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതു തുടരുന്നു. സപ്തംബറില്‍ നടപടികള്‍ ശക്തമാക്കിയതിന് ശേഷം 7,000ല്‍ ഏറെപ്പേരെ ഇതുവരെ ഒഴിപ്പിച്ചു. കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ ഉണ്ടാകുമെന്നാണു സൂചന.

പോലിസ് സഹകരണത്തോടെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ വിവിധ മേഖലകളില്‍ 1,915 പരിശോധനകള്‍ നടത്തി. പഴയ വില്ലകളില്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് താമസമെന്നു കണ്ടെത്തി. ഇതില്‍ കൂടുതലും ഏഷ്യക്കാരായ സാധാരണ തൊഴിലാളികളാണെങ്കിലും ഇന്ത്യക്കാര്‍ കുറവാണ്.

അല്‍ ഖാദിസിയ, നസിറിയ, മെയ്‌സലൂണ്‍, അല്‍ സബ്ക, അല്‍ ജസാത്, മുസല്ല, ഷര്‍ഖാന്‍, ഗാഫിയ, ഹസാന മേഖലകളില്‍ നിന്നാണ് പ്രധാനമായും ഒഴിപ്പിച്ചതെന്നു മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ താബിത് അല്‍ തുറൈഫി പറഞ്ഞു. കഴിഞ്ഞമാസം വില്ലകളില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചിരുന്നു. 161 വില്ലകളും അടച്ചുപൂട്ടി.

ബാച്ലേഴ്‌സ് അടക്കമുള്ള താമസക്കാരുടെ മാന്യമല്ലാത്ത പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന സ്വദേശികളുടെ പരാതിയെ തുടര്‍ന്നാണിത്. സുരക്ഷിതമല്ലാത്ത പഴയ വില്ലകള്‍ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ കുറഞ്ഞ വാടകയ്ക്കു ബാച്ലേഴ്‌സിനും തൊഴിലാളികള്‍ക്കും നല്‍കുന്നതായി കണ്ടെത്തിയിരുന്നു.

വിവിധ മേഖലകളില്‍ നടത്തിയ റെയ്ഡില്‍ ചൂതാട്ടക്കാര്‍, തെരുവു കച്ചവടക്കാര്‍, യാചകര്‍, വ്യാജ സിഡി-പുകയില ഉല്‍പന്ന വില്‍പനക്കാര്‍ എന്നിവരെ പിടികൂടിയിരുന്നു. ചൂതാട്ടത്തിന് ഏഷ്യക്കാരന്‍ ഉപയോഗിച്ചിരുന്ന താമസയിടം കണ്ടെത്തിയിരുന്നു. മണിക്കൂര്‍ കണക്കില്‍ വാടക ഈടാക്കിയായിരുന്നു ഇവിടെ ചൂതാട്ടം.

SHARE :
folder_openTags
content_copyCategory
UAE