ഖത്തറിലെ കണ്ണായ സ്ഥലങ്ങളില്‍ ആറ് പുതിയ ഹോട്ടലുകള്‍ കൂടി വരുന്നു

qatar open new hotels

ദോഹ: 2022 ഫിഫ ലോക കപ്പിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഖത്തറില്‍ ആറ് പുതിയ ഹോട്ടലുകള്‍ കൂടി തുറക്കുന്നു. ഇതില്‍ അഞ്ചെണ്ണം മാരിയറ്റിന്റേതാണ്. അല്‍ റയ്യാന്‍ ടൂറിസം ഇന്‍വെസ്റ്റ്‌മെന്റും(എആര്‍ടിഐസി) മാരിയറ്റ് ഇന്റര്‍നാഷനലും പദ്ധതിക്കു വേണ്ടിയുള്ള കരാറില്‍ ഒപ്പുവച്ചു. പുതിയ ഹോട്ടലുകള്‍ 2021ല്‍ തന്നെ പൂര്‍ത്തിയാവുമെന്ന് എആര്‍ടിഐസി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ ഫൈസല്‍ ആല്‍ഥാനി പറഞ്ഞു.

മാരിയറ്റ് ഓട്ടോഗ്രാഫ് കളക്ഷന്‍, മാരിയറ്റ് ഡെല്‍റ്റ ഹോട്ടല്‍, വെസ്റ്റിന്‍ എലമെന്റ്, ലെ മെറിഡിയന്‍, മാരിയറ്റ് എക്‌സിക്യൂട്ടീവ് അപാര്‍ട്ട്‌മെന്റ്‌സ് എന്നിവയാണ് പുതുതായി തുടങ്ങുന്ന ഹോട്ടലുകള്‍. അഞ്ച് ഹോട്ടലുകള്‍ വെസ്റ്റ്‌ബേയിലും ഓട്ടോഗ്രാഫ് കളക്ഷന്‍ അല്‍ ഷീഹാനിയയിലുമാണ് ആരംഭിക്കുന്നത്.

മൂന്ന് വര്‍ഷത്തെ ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള അല്‍ ഊല പ്രഖ്യാപനം ഖത്തറിന്റെ സാമ്പത്തിക, വ്യാപാര മേഖലകളില്‍ വന്‍കുതിപ്പിന് വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ് രംഗത്ത് കുത്തനെയുള്ള വളര്‍ച്ചയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ട്രേഡ് മാര്‍ക്കറ്റില്‍ നിന്ന് വ്യത്യസ്ഥമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ക്രമാനുഗത വളര്‍ച്ചയായിരിക്കും ഉണ്ടാവുക.