ലിബിയയിലെ തെറ്റായ ഇടപെടല്‍ യുഎഇ അവസാനിപ്പിക്കണമെന്ന് തുര്‍ക്കി; അറബ് വിഷയങ്ങളില്‍ തുര്‍ക്കി ഇടപെടേണ്ടെന്ന് യുഎഇ

turkey defence minister
തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകര്‍(ഇടത്ത്) ലിബിയന്‍ പ്രധാനമന്ത്രി ഫായിസ് അല്‍ സര്‍റാജിനൊപ്പം

ദുബൈ: ലിബിയയിലും സിറിയയിലും യുഎഇ ദോഷകരമായി ഇടപെടുകയാണെന്നും ഇത് അവസാനിപ്പിച്ചെങ്കില്‍ യുക്തമായ സമയത്ത് മറുപടി പറയിക്കുമെന്നും തുര്‍ക്കിയുടെ ഭീഷണി. അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകര്‍ ആണ് യുഎഇക്കെതിരേ ആഞ്ഞടിച്ചത്.

തുര്‍ക്കിയുടെ ശത്രുക്കളായ ഭീകര സംഘടനയെ പിന്തുണക്കുകയാണ് യുഎഇ. യുഎഇ ഒരു ചെറിയ രാജ്യമാണെന്നതും അതിന്റെ സ്വാധീനം എത്രയുണ്ടെന്നതും പരിഗണിക്കുന്നത് നല്ലതാണ്. രാജ്യദ്രോഹവും അഴിമതിയും വ്യാപിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് യുഎഇ പിന്തിരിയണം- അകര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് രാഷ്ട്രീയമായും സൈനികമായും ഉപയോഗിക്കാവുന്ന ഒരു രാജ്യമാണ് യുഎഇ എന്നും അകര്‍ ആരോപിച്ചു.

അതേ സമയം, തുര്‍ക്കിയുടെ ആരോപണത്തിനെതിരേ യുഎഇ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. അറബ് വിഷയങ്ങളില്‍ ഇടപെടുന്നത് തുര്‍ക്കി അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടത് ഭീഷണിയുടെ അടിസ്ഥാനത്തിലല്ലെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പ്രതികരിച്ചു. കോളനിവല്‍ക്കരണ കാലത്തെ മിഥ്യാബോധങ്ങള്‍ക്ക് ഇക്കാലത്ത് സ്ഥാനമില്ലെന്നും ട്വിറ്ററില്‍ അദ്ദേഹം വ്യക്തമാക്കി.

2016ല്‍ തുര്‍ക്കയില്‍ നടന്ന സൈനിക അട്ടിമറി ശ്രമത്തിന് പിന്നാലെയാണ് യുഎഇയുമായുള്ള ബന്ധം വഷളായത്. അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദിന് അട്ടിമറി ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് തുര്‍ക്കി സംശയിക്കുന്നത്.

Turkey will hold the UAE accountable at right place and time: Defence minister