ഐഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുഎഇ അധികൃതരുടെ അടിയന്തര മുന്നറിയിപ്പ്

uae whatsapp warning

അബൂദബി: ആപ്പിള്‍ ഐഫോണില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി(ടിആര്‍എ)യുടെ ജാഗ്രതാ മുന്നറിയിപ്പ്. ഗുരുതരമായ സൈബര്‍ സുരക്ഷാ പ്രശ്‌നം ഒഴിവാക്കാന്‍ വാട്ട്‌സാപ്പ് അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.

പഴുതുകള്‍ അടയ്ക്കുന്നതിന് വേണ്ടി ഐഒഎസില്‍ വാട്ട്‌സാപ്പിന്റെയും വാട്ട്‌സാപ്പ് ബിസിനസിന്റെയും പുതിയ വേര്‍ഷന്‍ റിലീസ് ചെയ്തിട്ടുണ്ട്. ഹാക്കര്‍മാര്‍ മൊബൈലിലേക്ക് വൈറസ് കടത്തിവിടുന്നതും മെമ്മറി തകരാര്‍ ആക്കുന്നതും ഫോണ്‍ ക്രാഷാവുന്നതും ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഫോണ്‍ ലോക്ക് ചെയ്താലും സിരിക്ക് വാട്ട്‌സാപ്പുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന പിഴവും നിലവിലുള്ള വാട്ട്‌സാപ്പ് പതിപ്പിലുണ്ടെന്നും ടിആര്‍എ മുന്നറിയിപ്പില്‍ പറയുന്നു.

ആപ്പ് സ്‌റ്റോറില്‍ നിന്ന് വാട്ട്‌സാപ്പിന്റെ 2.20.111 വേര്‍ഷനോ അതിന് ശേഷമുള്ള വേര്‍ഷനോ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദേശം.
UAE issues WhatsApp warning on Thursday