ദുബൈ: ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ തേടിയുള്ള ആദ്യ അറബ് ബഹിരാകാശ ദൗത്യം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ അല്‍ അമല്‍(ഹോപ്പ് പ്രോബ്) ജൂലൈ 15ന് കുതിക്കും. ദൗത്യം രാജ്യത്തിന് നിര്‍ണായക നിമിഷമാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ദൗത്യത്തിന്റെ അന്തിമ തയ്യാറെടുപ്പുകള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ 50 വര്‍ഷത്തെ വളര്‍ച്ചയുടെ പ്രതിഫലനം കൂടിയാണിത്. ഓരോ യുഎഇ പൗരനും ഇതൊരു അഭിമാനനിമിഷമായിരിക്കും. മനുഷ്യരാശിയുടെ മികച്ച ഭാവിക്കായി രാജ്യങ്ങളുമായുള്ള സഹകരണം തുടരുമെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു.
ദൗത്യത്തിന് ഇനി അവശേഷിക്കുന്നത് വെറും രണ്ടാഴ്ച മാത്രമാണ്. ഹോപ്പ് പ്രോബ് (അറബിയില്‍ അല്‍ അമല്‍) എന്ന് പേരിട്ടിരിക്കുന്ന ആളില്ലാ ബഹിരാകാശ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍നിന്നാണ് കുതിച്ചുയരുക. ചൊവ്വാപേടകം ഏപ്രിലില്‍തന്നെ ജപ്പാനില്‍ എത്തിച്ചിരുന്നു. യുഎഇയിലെ എന്‍ജിനീയര്‍മാരുടെ സംഘവും ജപ്പാനിലുണ്ട്. ക്വാറന്റീനില്‍ കഴിയേണ്ട കാലാവധിയുംകൂടി കണക്കിലെടുത്താണ് സംഘം യാത്ര നേരത്തെയാക്കിയത്.
ചൊവ്വയിലെ അന്തരീക്ഷപഠനം നടത്തി അവിടെ സയന്‍സ് സിറ്റി സ്ഥാപിക്കുകയെന്ന ദൗത്യമാണ് യുഎഇ മുന്നോട്ടുവെക്കുന്നത്. ദൗത്യത്തിനുള്ള പേടകം രൂപകല്‍പ്പന ചെയ്തതും നിര്‍മിച്ചതും 150 അംഗ യുഎഇ ശാസ്ത്രസംഘമാണ്. കഴിഞ്ഞവര്‍ഷം യുഎഇ ബഹിരാകാശത്തിലേക്ക് തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികനെ അയച്ചിരുന്നു.