
ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഈ മാസം അവസാനത്തോടെ ഉംറയ്ക്ക് പോകാം
ദോഹ: മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം സൗദി അതിര്‍ത്തികള്‍ തുറന്നതോടെ ഖത്തറിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉംറ പാക്കേജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തോടെയോ ഖത്തറില്‍ നിന്ന് നേരിട്ട് ആകര്‍ഷകമായ ഉംറ പാക്കേജുകള്‍ ലഭ്യമാവുമെന്ന് ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപറ്റേറ്റര്‍മാര്‍ അറിയിച്ചതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.
സൗദി അതിര്‍ത്തി തുറന്നതോടെ ഉംറ പാക്കേജ് സംബന്ധിച്ച് സ്വദേശികളില്‍ നിന്നും പ്രവാസികളില്‍ നിന്നും നിരവധി അന്വേഷണങ്ങള്‍ വരുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തോടെയോ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്- അല്‍ ബതീല്‍ ട്രാവല്‍ സൂപ്പര്‍വൈസര്‍ മുഅ്മിന് അല്‍ ഹമദ് പറഞ്ഞു. ആവശ്യമായ സേവനങ്ങള്‍ പുനരാരംഭിക്കുന്നതോടെ നിരവധി തീര്‍ഥാടകര്‍ ഖത്തറില്‍ നിന്നുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
4000 റിയാലിന് വിസ, എയര്‍ ടിക്കറ്റ്, മൂന്നോ നാലോ രാത്രിയിലെ താമസം ഉള്‍പ്പെടെയുള്ള ഉംറ പാക്കേജാണ് നിലവില്‍ പദ്ധിതിയിടുന്നതെന്ന് ഹമദ് പറഞ്ഞു. ദോഹയിലെ ആവന്സ് ട്രാവല്‍ ആന്റ് ടൂര്‍സ്, കോസ്മോസ് ട്രാവല്‍ തുടങ്ങിയവയും ഉംറ പാക്കേജിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി അറിയിച്ചു. എത്രയും പെട്ടെന്ന് തന്നെ തീര്‍ഥാടനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ സൗദി ഉംറ നിര്‍ത്തിവച്ചിരുന്നു. സപ്തംബര്‍ മുതലാണ് ഘട്ടംഘട്ടമായി പുനരാരംഭിച്ചത്. നവംബര്‍ 1 മുതലാണ് വിദേശ തീര്‍ഥാടകരെ അനുവദിച്ചു തുടങ്ങിയത്.
ALSO WATCH