ദോഹ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച സംഭവത്തില്‍ തന്നെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് പ്രവാസി ടിക് ടോക്കര്‍. തന്റെ പേരിലുണ്ടാക്കിയ വ്യാജ എഫ്ബി വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഖത്തറില്‍ പ്രവാസിയായ അജ്നാസ് ഗള്‍ഫ് മലയാളിയോട് പറഞ്ഞു. തന്റെ കൈയിലുള്ള തെളിവുകള്‍ വച്ച് ഖത്തര്‍ പോലിസിനും ഇന്ത്യന്‍ എംബസിക്കും കേരളത്തിലെ സൈബര്‍ പോലിസിനും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ ബാലികാ ദിനത്തില്‍ കെ സുരേന്ദ്രന് മകള്‍ക്കൊപ്പം ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്നാസ് അജ്നാസ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്ന് അശ്ലീലപരാമര്‍ശം നടത്തിയത്. ഇതിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഖത്തറില്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര അനുകൂലികള്‍ ഇതിന്റെ പേരില്‍ കടുത്ത വര്‍ഗീയ പ്രചാരണമാണ് നടത്തിയത്. അജ്നാസിനെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ റേഡിയോ റിപോര്‍ട്ട് ചെയ്തുവെന്ന് ജന്മഭൂമിയും സംഘപരിവാര പ്രവര്‍ത്തകരും വ്യാപക പ്രചാരണം നടത്തുകയും ചെയ്തു.
എന്നാല്‍, അത് തികച്ചും നുണയാണെന്ന് ഗള്‍ഫ് മലയാളിയോട് അജ്നാസ് വ്യക്തമാക്കി. ഞാന്‍ ടിക് ടോക്കിലാണ് പ്രധാനമായും വീഡിയോ ഇടാറുള്ളത്. ഫേസ്ബുക്കില്‍ അത്ര സജീവമല്ല. എന്റെ വീഡിയോയോ ഫോട്ടോയോ മാത്രമാണ് ഫേസ്ബുക്കില്‍ ഇടാറുള്ളത്. ഏതെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യുകയോ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല. എനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ല. ടിക് ടോക്കില്‍ എന്റെ വീഡിയോകളോട് മോശമായി പ്രതികരിക്കുന്നവര്‍ക്ക് ഞാന്‍ അതേ രീതിയില്‍ മറുപടി നല്‍കാറുണ്ട്. ഇതില്‍ വിരോധമുള്ള ആരെങ്കിലുമാവാം വ്യാജ ഐഡിയുണ്ടാക്കി എന്നെ കുടുക്കാന്‍ ശ്രമിച്ചതെന്നും അജ്നാസ് വിശദീകരിച്ചു.
അജ്നാസ് അജ്നാസ് എന്ന പേരിലുള്ളയാളാണ് സുരേന്ദ്രന്റെ പോസ്റ്റിന് താഴെ കമന്റിട്ടത്. എന്റെ ഫേസ് ബുക്ക് ഐഡി അജ്നാസ് ആഷാസ് അജ്നാസ് എന്നാണ്. അശ്ലീല കമന്റ് ഇട്ട ഐഡി പരിശോധിച്ചപ്പോള്‍ അത് കിരണ്‍ ദാസ് എന്ന പേരിലുള്ളയാള്‍ ഉണ്ടാക്കിയത് ആണെന്ന് വ്യക്തമായിട്ടുണ്ട്. അതിനുള്ള പൂര്‍ണമായ തെളിവുകള്‍ എന്റെ കൈയിലുണ്ട്. ഇക്കാര്യങ്ങള്‍ ഖത്തര്‍ പോലിസിനും ഇന്ത്യന്‍ എംബസിക്കും സൈബര്‍ പോലിസിനും നല്‍കുമെന്ന് അജ്നാസ് അറിയിച്ചു. ജനുവരി 14ന് എന്റെ ഫേസ്ബുക്ക് ഐഡി അബൂദബിയിലുള്ള ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. പിന്നീട് പാസ്വേര്ഡ് ഉള്‍പ്പെടെ മാറ്റി സുരക്ഷിതമാക്കുകയായിരുന്നു. ഐഡി ഹാക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്നതിന് ഫേസ്ബുക്കില്‍ നിന്ന് ഇമെയില്‍ വന്ന തെളിവും അജ്നാസിന്റെ പക്കലുണ്ട്. ഈ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയതായും അജ്നാസ് അറിയിച്ചു.
ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നലെ അ്ജ്നാസിന്റെ കോഴിക്കോടുള്ള വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിന് പിന്നാലെ അജ്നാസിന്റെ പിതാവ് മാപ്പ് പറഞ്ഞതായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ റിപോര്‍ട്ട് നല്കി. എന്നാല്‍, അജ്നാസിന് വിഷയത്തില്‍ പങ്കില്ലെന്നും അഥവാ അങ്ങിനെ ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ തന്നെ അജ്നാസിനെ നിയമത്തിന് മുന്നില്‍ എത്തിക്കാമെന്നുമാണ് പിതാവ് പറഞ്ഞതെന്ന് അജ്നാസ് വെളിപ്പെടുത്തി. തനിക്ക് വന്ന അനുഭവം ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ പ്രവാസികള്‍ ഇതിനെതിരേ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.