
പ്രവാസികളില്‍ പ്രമേഹരോഗം വര്‍ധിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസികളില്‍ പ്രമേഹ രോഗവും അതുമായി ബന്ധപ്പെട്ടുള്ള മരണങ്ങളും കൂടി വരുന്നതായി പ്രശസ്ത പ്രമേഹരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. ബിജി ബഷീര്‍ അഭിപ്രായപ്പെട്ടു. കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഫര്‍വാനിയ മെട്രോ മെഡിക്കല്‍ ഹാളില്‍ ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസ സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന മരണ നിരക്കുകളില്‍, പ്രത്യേകിച്ചും മസ്തിഷ്ക – ഹൃദയ ആഘാതങ്ങളില്‍, പ്രമേഹത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം മുന്‍ പ്രസിഡന്റ് ഡോ.അമീര്‍ അഹമ്മദും ക്ലാസ് എടുത്തു.
ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ച് ഡോ.പാറക്കല്‍ സേവിയര്‍ സിറില്‍, പാദ സംരക്ഷണത്തെ കുറിച്ച് ഡോ. ഗോപകുമാര്‍, വ്യായാമ ശീലങ്ങള്‍ ഇല്ലാത്ത ജീവിത ശൈലിയുടെ പ്രശ്നങ്ങള്‍ ഫിസിയോതെറാപ്പിസ്റ്റ് ഡോ. അബ്ദുല്‍ ഹമീദ് കൊടൂവള്ളിയും സംസാരിച്ചു.