ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്തെയാകെ വീണ്ടും ഭീതിയിലാക്കുന്നു. മുന്‍ വൈറസിനേക്കാള്‍ വളരെ വേഗം പടര്ന്നുപിടിക്കുന്നതിനാലാണ് പുതിയ വകഭേദം ആശങ്കയേറ്റുന്നത്. ഇതോടെ ഇംഗ്ലണ്ടിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇംഗ്ലണ്ടിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. വൈറസിന് വകഭേദങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും പുതിയ വൈറസിനെക്കുറിച്ച് നിരവധി ആശങ്കകളും അഭ്യൂഹങ്ങളുമുണ്ട്.
മുന്വൈറസിനേക്കാള് 70 ശതമാനം അധികം വ്യാപനശേഷി
കൊറോണ വൈറസിനു ജനിതകമാറ്റം സംഭവിച്ചുണ്ടായ പുതിയ വകഭേദമാണ് ലണ്ടനില്‍ അതിവേഗം പടരുന്നത്. എന്നാല്‍ ഇത് പഴതിനെക്കാള് മാരകമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇംഗ്ലണ്ടിലാണ് ഇതിന്റെ സാന്നിധ്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും വൈറസിനു ജനിതകമാറ്റം സംഭവിച്ചത് ഇംഗ്ലണ്ടിലാണോ എന്നതില്‍ ഉറപ്പില്ല. പഴയ വൈറസിനേക്കാള്‍ 70% അധികം വേഗത്തിലാണ് പുതിയ വകഭേദം വ്യാപിക്കുന്നതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. ഇതോടെയാണ് മറ്റു രാജ്യങ്ങള്‍ ബ്രിട്ടനിലേക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
തുടങ്ങിയത് ലണ്ടനില്‍; വ്യാപിച്ചത് ആസ്ത്രേലിയ വരെ
സപ്തംബറിലാണ് ലണ്ടനില്‍ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. നവംബറില്‍ കോവിഡ് ബാധിതരായവരില്‍ പകുതിയോളം പേരിലും പുതിയ വൈറസാണ് ബാധിച്ചത്. ഡിസംബര്‍ പകുതി ആയപ്പോഴേക്കും മൂന്നില്‍ രണ്ടു രോഗികളിലും പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
പഴയ വൈറസിനേക്കാള്‍ വളരെ വേഗത്തിലാണ് പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനമെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഡോ. എറിക് വോള്‍സ് പറഞ്ഞു. എന്തുകൊണ്ടാണ് വൈറസ് ഇത്രയും വേഗം പടര്‍ന്നുപിടിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ലണ്ടനിലുണ്ടായിരുന്ന രോഗിയില്‍ത്തന്നെയാണോ വൈറസിനു ജനിതകമാറ്റമുണ്ടായതെന്ന കാര്യത്തില്‍ ഉറപ്പില്ല. രാജ്യത്തിനു പുറത്തുനിന്നു വന്നതാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുതിയ ഇനം വൈറസ് ബാധിച്ചവരില്‍ കൂടുതലും ലണ്ടനിലാണ്. ആസ്േ്രതലിയയിലും ഡെന്മാര്ക്കിലും കണ്ടെത്തിയ പുതിയ വകഭേദം യുകെയില്‍നിന്നു വന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമാനമായ വകഭേദം ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയെങ്കിലും യുകെയില്‍ കണ്ടെത്തിയ വൈറസുമായി അതിനു ബന്ധമില്ലെന്നു തിരിച്ചറിഞ്ഞുകഴിഞ്ഞു.
വകഭേദം ഇതിനു മുന്‍പും
ലോകത്തിന്റെ പല ഭാഗത്തും കോവിഡ് വൈറസിന് ഇതിനകം പലവട്ടം ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ ആദ്യം കണ്ടെത്തിയ വൈറസല്ല ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും കണ്ടെത്തിയത്. ഫെബ്രുവരിയില്‍ യൂറോപ്പില്‍ ഡി614ജി എന്ന വകഭേദമുണ്ടായി. ലോകത്ത് കൂടുതല്‍ പേരെയും ബാധിച്ചത് ഈ വകഭേദമാണ്. സ്പെയിനില്‍ വേനലവധി ആഘോഷിക്കാന്‍ എത്തിയവര്‍ക്കു പിടിപെട്ടത് എ222വി എന്ന വകഭേദമായിരുന്നു. ഇതാണ് പിന്നീട് യൂറോപ്പ് മുഴുവനും വ്യാപിച്ചത്. എച്ച് 69/വി70 എന്ന വകഭേദത്തില്‍, മനുഷ്യശരീരത്തിലെ കോശത്തിലേക്കു കയറാന്‍ സഹായിക്കുന്ന അഗ്രഭാഗത്തിനു മാറ്റമുണ്ടായിട്ടുണ്ട്. ഈ വകഭേദത്തിന് ആദ്യ വൈറസിനെക്കാള്‍ രണ്ടു മടങ്ങ് ശേഷിയുണ്ടെന്ന് കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പ്രഫ. രവി ഗുപ്ത പറഞ്ഞു. പഴയ വൈറസ് മൂലം കോവിഡ് ബാധിച്ച് മുക്തരായവരിലെ ആന്റിബോഡിക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമോയെന്നു വ്യക്തമല്ലാത്തതിനാല്‍ സര്‍ക്കാരുകളും ശസ്ത്രജ്ഞരും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു
എത്രത്തോളം മാരകം
കൊറോണ ബാധിച്ച ആളില്‍ തന്നെയാകാം വൈറസിനു ജനിതകമാറ്റം സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഒട്ടും പ്രതിരോധ ശേഷിയില്ലാതിരുന്ന ആളിലായിരിക്കാം ഇതുണ്ടായത്. പുതിയ വൈറസ് എത്രത്തോളം മാരകമാണെന്നതില്‍ വ്യക്തമായ ധാരണയില്ല. എന്നാല്‍ വ്യാപനം പെട്ടെന്നു നടക്കുന്നതിനാല്‍ ആശുപത്രികളില്‍ രോഗികള്‍ തിങ്ങിനിറയാനിടയുണ്ട്.
വാക്സിന് ഫലിക്കുമെന്നുതന്നെ പ്രതീക്ഷ
വകഭേദം വന്ന വൈറസിനും വാക്സിന് ഫലിക്കുമെന്നു തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിലവിലുള്ള മൂന്നു പ്രധാന വാക്സിനുകളും പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിലയിരുത്തല്‍. അതേസമയം വകഭേദം സംഭവിച്ച വൈറസിന് വീണ്ടും ജനിതകമാറ്റമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഇപ്പോഴുള്ള വാക്സിനില്നിന്നു രക്ഷപ്പെടാന്‍ സാധിക്കുന്ന രീതിയിലാണ് മാറ്റമെങ്കില്‍ വാക്സിന് ഫലപ്രദമല്ലാതായേക്കാം.