News Flash
X
സ്വയം ചികിത്സ അപകടമെന്ന് പഠനം; 30 ശതമാനം യുവതീ യുവാക്കൾക്കും തീവ്ര കൊവിഡ് ബാധ

സ്വയം ചികിത്സ അപകടമെന്ന് പഠനം; 30 ശതമാനം യുവതീ യുവാക്കൾക്കും തീവ്ര കൊവിഡ് ബാധ

personmtp rafeek access_timeFriday October 9, 2020
HIGHLIGHTS
40 വയസ്സിന് താഴെയുള്ളവരാണ് രോഗം തീവ്രമായതിനെ തുടർന്ന് ഐസിയുവിൽ കഴിയുന്നവരിൽ 30 ശതമാനവുമെന്നാണ് കണക്കുകൾ കാണിക്കുന്നത്.

മുംബൈ: തീവ്ര കൊവിഡ് ബാധിതരായി നേരിട്ട് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന യുവതീ യുവാക്കളുടെ എണ്ണം വർധിക്കുന്നു. 40 വയസ്സിന് താഴെയുള്ളവരാണ് രോഗം തീവ്രമായതിനെ തുടർന്ന് ഐസിയുവിൽ കഴിയുന്നവരിൽ 30 ശതമാനവുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. രോഗലക്ഷണം കാണുമ്പോൾ സ്വയം ചികിത്സ നടത്തി പരിഹാരത്തിന് ശ്രമിക്കുന്നതാണ് ചെറുപ്പക്കാർക്കിടയിൽ തീവ്ര രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു.

രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായ മുംബൈയിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം ഐസിയുവിൽ കഴിയുന്ന യുവതീ യുവാക്കളുടെ എണ്ണത്തിൽ 34 ശതമാനം വർധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ കൊവിഡ് സെന്ററിൽ ഐസിയുവിൽ കഴിയുന്നവരിൽ 25 ശതമാനവും ചെറുപ്പക്കാരാണ്.

ബോംബെ ആശുപത്രിയിൽ 30 ശതമാനം പേരും ഫോർട്ടിസ് ആശുപത്രിയിൽ 16 ശതമാനം പേരും 40 വയസ്സിന് താഴെയുള്ളവർ തന്നെ. കൊവിഡ് ബാധിച്ച് മരിച്ചവരിൽ 4.76 ശതമാനവും 40 വയസ്സിന് താഴെയുള്ളവരാണ് എന്നതും കണക്കുകൾ വ്യകത്മാക്കുന്നു.

നല്ല രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും സ്വയം ചികിത്സ തേടുന്ന യുവാക്കളുടെയും യുവതികളുടെയും എണ്ണം വർധിച്ചുവരുന്നതായി ബിഎംസിയിലെ കൊവിഡ് സെന്റർ ഡീൻ ഡോ. രാജേഷ് ദേരേ പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടാൽ നാലോ അഞ്ചോ ദിവസം പാരസെറ്റമോൾ പോലുള്ള ഗുളികകൾ കഴിച്ച് സ്വയം ചികിത്സിക്കാൻ ശ്രമിക്കുകയും അതുകൊണ്ട് രോഗം ഭേദമാകുന്നില്ലെന്ന് കാണുമ്പോൾ മാത്രം ആശുപത്രിയിൽ പോയി പരിശോധന നടത്തുകയുമാണ് ഭൂരിഭാഗം യുവതീ യുവാക്കളും ചെയ്യുന്നത്.

അതിനാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇവരിൽ രോഗവ്യാപനം തീവ്രസ്ഥിതിയിൽ എത്തിയിരിക്കും. അതിനാൽ ഐസിയു ചികിത്സ അത്യാവശ്യമായി വരുന്നു. ചിലരാകട്ടെ വൈറസിനെ അതിജീവിക്കാനാകാതെ മരണത്തിനും കീഴടങ്ങുന്നു- ഡോക്ടർമാർ ചൂണ്ടിക്കാണിച്ചു.

ലോക്ക്ഡൗൺ ക്രമേണ ലഘൂകരിക്കുന്നതോടെ നിരവധി ചെറുപ്പക്കാർ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് നിർത്തിയതായി ഡോക്ടർമാർ പറയുന്നു. മാസ്‌ക്കുകൾ പലരും ധരിക്കുന്നില്ല, ചിലരാകട്ടെ സാമൂഹിക അകലം ലംഘിക്കുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും സ്വയം മരുന്ന് കഴിച്ച് രോഗം സങ്കീർണമാകുകയും അതിന് ശേഷം തീവ്രപരിചരണ വിഭാഗങ്ങളിൽ നേരിട്ട് പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്യുന്നു.

SHARE :
folder_openTags
content_copyCategory