ക്രിസ്മസ് അപ്പൂപ്പന്‍ വൃദ്ധമന്ദിരത്തിലെത്തി; 18 പേര്‍ മരിച്ചു; 121 പേര്‍ക്ക് രോഗബാധ

belgium santa covid

ആന്റ്‌വെര്‍പ്: ബെല്‍ജിയത്തില്‍ സാന്റാ ക്ലോസിന്റെ(ക്രിസ്മസ് അപ്പൂപ്പന്‍) വൃദ്ധമന്ദിര സന്ദര്‍ശനം കോവിഡ് സൂപ്പര്‍ സ്‌പ്രെഡിന് ഇടായാക്കിയതായി സംശയം. 18 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തതിന് പിന്നില്‍ കോവിഡ് മാനദണ്ഡം പാലിക്കാതെയുള്ള സാന്റയുടെ സന്ദര്‍ശനമാണെന്നാണ് സൂചന. സാന്റയുടെ വേഷത്തില്‍ വൃദ്ധമന്ദിരത്തില്‍ എത്തിയയാള്‍ അന്തേവാസികളുമായി അടുത്തിടപഴകുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാന്റാ ക്ലോസ് സന്ദര്‍ശന ആചാരം രാജ്യത്ത് റദ്ദാക്കിയിരുന്നു.

സന്ദര്‍ശന സമയത്ത് സാന്റയ്ക്ക് രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളാണ് സൂപ്പര്‍ സ്‌പ്രെഡര്‍ ആയി മാറിയതെന്ന് സംശയിക്കുന്നതായി പ്രദേശത്തെ മേയര്‍ വിം സിയേഴ്‌സ് പറഞ്ഞു.

ആന്റ്‌വെര്‍പ് പ്രവിശ്യയിലെ മോളിലുള്ള ഹെമല്‍റിക്ക് വൃദ്ധ മന്ദിരത്തില്‍ സാന്റ സന്ദര്‍ശനം നടത്തിയതിന് ശേഷം 121 അന്തേവാസികള്‍ക്കും 36 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൃദ്ധമന്ദിര നടത്തിപ്പുകാര്‍ തികച്ചും അശ്രദ്ധമായാണ് പെരുമാറിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക്ക് ധരിക്കാതെയും സാന്റ അന്തേവാസികളുമായി ഇടപെടുന്ന ഫോട്ടോകള്‍ പ്രചരിച്ചിരുന്നു.
18 killed, 121 fall ill after infected ‘Santa’ visits care home in Belgium