വിദേശ കപ്പലുകളെ വെടിവയ്ക്കാന്‍ തീരസേനയ്ക്ക് അനുവാദം നല്‍കി ചൈന; അമേരിക്കയുമായുള്ള ഉരസല്‍ രൂക്ഷമാകും

china coast guard

ബെയ്ജിങ്: ചൈന തങ്ങളുടേത് എന്ന അവകാശപ്പെടുന്ന കടല്‍ തുരുത്തുകളില്‍ മറ്റ് രാജ്യങ്ങള്‍ നിര്‍മിക്കുന്ന നിര്‍മിതികള്‍ തകര്‍ക്കാനും ജലാതിര്‍ത്തിക്കകത്ത് പ്രവേശിക്കുന്ന കപ്പലുകള്‍ പരിശോധിക്കാനും അനുമതി നല്‍കുന്ന നിയമം ചൈനീസ് സര്‍ക്കാര്‍ പാസാക്കി. വിദേശ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പരസ്യമായ അനുമതി നല്‍കുന്ന ഈ നിയമം തെക്കന്‍ ചൈന കടലിനെയും സമീപ പ്രദേശങ്ങളെയും കൂടുതല്‍ പ്രക്ഷുബ്ധമാക്കും.

കിഴക്കന്‍ ചൈന കടലില്‍ ജപ്പാനുമായും തെക്കന്‍ ചൈന കടലില്‍ നിരവധി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായും അതിര്‍ത്തി സംബന്ധിച്ച് ചൈന തര്‍ക്കത്തിലാണ്. മറ്റു രാജ്യങ്ങളുടെ മീന്‍പിടിത്ത ബോട്ടുകളെ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് പിന്തുടരുകയും ചിലപ്പോള്‍ അവ മുങ്ങാന്‍ ഇടയാവുകയും ചെയ്തിരുന്നു. ചൈനയുടെ ഉന്നത നിയമനിര്‍മാണ സഭയായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്റിങ് കമ്മിറ്റി വെള്ളിയാഴ്ച്ചയാണ് കോസ്റ്റ് ഗാര്‍ഡ് നിയമം പാസാക്കിയത്. വിദേശ കപ്പലുകളില്‍ നിന്നുള്ള ഭീഷണി ചെറുക്കാന്‍ ഏത് തരത്തിലുള്ള നടപടി എടുക്കാനും നിയമം തീരസേനയക്ക് അനുമതി നല്‍കുന്നു. ഇതിന് വേണ്ടി ഏത് തരം ആയുധവും ഉപയോഗിക്കാം.

പുതിയ നിയമം ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കും. ചൈനയുമായി കടല്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ജപ്പാന്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങി നിരവധി ഏഷ്യ പസഫിക് രാജ്യങ്ങളുമായി അടുത്ത ബന്ധമാണ് അമേരിക്കയ്ക്ക്. ഈ രാജ്യങ്ങളുമായുള്ള സംഘര്‍ഷം ചൈന-അമേരിക്കന്‍ ഏറ്റുമുട്ടലിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
China authorises coast guard to fire on foreign vessels if needed
ALSO WATCH