അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഫലസ്തീന്‍ നേതാവ് റമദാന്‍ ശലഹ് അന്തരിച്ചു

Ramadan Shallah

ഗസാ സിറ്റി: ഗസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ(പിഐജെ) മുന്‍ നേതാവ് റമദാന്‍ ശലഹ് അന്തരിച്ചു. 62 വയസ്സായിരുന്നു. ഹൃദദ്രോഗവും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും കാരണം രണ്ട് വര്‍ഷമായി മെഡിക്കല്‍ കോമയിലായിരുന്ന അദ്ദേഹം ബെയ്‌റൂത്തിലെ ആശുപത്രിയില്‍ ശനിയാഴ്ച്ചയാണ് മരിച്ചത്.

ഫലസ്തിനും ജറുസലേമിനും വേണ്ടിയുള്ള വിശുദ്ധ യുദ്ധത്തില്‍ മുന്‍നിരയില്‍ നിന്നിരുന്ന മഹാനായ നേതാവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി പിഐജെ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷമായി ബെയ്‌റൂത്തും ദമസ്‌കസും ആസ്ഥാനമാക്കിയാണ് ശലഹ് പ്രവര്‍ത്തിച്ചിരുന്നത്.

ഫാത്തി ശിഖാഖിയെ ഇസ്രായേലി ചാരസംഘടനായ മൊസാദ് കൊലപ്പെടുത്തിയതിന് ശേഷം 1995ലാണ് ശഅല്ല പിഐജെയുടെ നേതൃപദവിയിലെത്തിയത്. ക്ഷമയുടെയും കളങ്കമില്ലായ്മയുടെയും പര്യായമായിരുന്ന ശലഹ് പോരാളികള്‍ക്ക് ഒരു റോള്‍ മോഡലായിരുന്നുവെന്ന് ഹമാസ് പ്രസ്താവിച്ചു.

ഗസയില്‍ ജനിച്ച ശലഹ് ബ്രിട്ടനില്‍ നിന്ന് എക്കോണമിക്‌സില്‍ പിഎച്ച്ഡി എടുത്ത ശേഷം സൗത്ത് ഫ്‌ളോറിഡ യൂനിവേഴ്‌സിറ്റിയില്‍ 1993 മുതല്‍ 1995വരെ അധ്യാപകനായിരുന്നു. തുര്‍ന്നാണ് പിഐജെ നേതൃപദവിയിലെത്തിയത്. ഇസ്രായേലിനെതിരേ നിരന്തരം ആക്രമണം അഴിച്ചുവിട്ടിരുന്ന പിഐജെ നേതാവ് എന്ന നിലയില്‍ അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ടയാളായിരുന്നു റമദാന്‍ ശലഹ്. 2018ലാണ് ശലഹിന് പകരം സിയാദ് നഖാലെ പിഐജെ നേതൃപദവിയിലെത്തിയത്.

Former Palestine Islamic Jihad leader Ramadan Shallah dies