കപ്പല്‍ മോചനത്തിന് ഖത്തര്‍ മധ്യസ്ഥം വഹിക്കണമെന്ന ദക്ഷിണ കൊറിയയുടെ അപേക്ഷ ഇറാന്‍ തള്ളി

iran foreign ministry

തെഹ്‌റാന്‍: ദക്ഷിണ കൊറിയന്‍ ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്ത പ്രശ്‌നം പരിഹരിക്കുന്നതിന് രാഷ്ട്രീയ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖത്തീബ്‌സാദെ. കപ്പലിന്റെ വിഷയം സാങ്കേതിക പ്രശ്‌നമാണെന്നും മന്ത്രിയെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. നേരത്തേ വ്യക്തമാക്കിയതു പോലെ ഓയില്‍ ടാങ്കര്‍ പിടിച്ചെത്തത് പേര്‍ഷ്യന്‍ ഗള്‍ഫിലെ സമുദ്ര മലിനീകരണത്തിന്റെ പേരിലാണ്. സാങ്കേതിക വിഷയങ്ങളില്‍ ഇറാന്‍ രാഷ്ട്രീയ മധ്യസ്ഥം അനുവദിക്കില്ല- വക്താവ് പറഞ്ഞു.

എംടി ഹാന്‍കുക് കെമി എന്ന തങ്ങളുടെ കപ്പലും അതിലെ ജീവനക്കാരെയും മോചിപ്പിക്കുന്നതിന് ഖത്തര്‍ ഇടപെടണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഖത്തീബ്‌സാദെയുടെ പ്രസ്താവന. ഈ മാസം ആദ്യമാണ് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. 7,200 ടണ്‍ രാസവസ്തുക്കളുമായി വരികയായിരുന്ന കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ എണ്ണ മലിനീകരണം സൃഷ്ടിച്ചു എന്നാരോപിച്ചാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടികൂടിയത്.

അതേ സമയം, സൗത്ത് കൊറിയയിലുള്ള ഇറാന്റെ 700 കോടി ഡോളര്‍ വിട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് കപ്പല്‍ പിടിച്ചുവച്ചതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇറാന്‍ ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്മാറിയതിനെ തുടര്‍ന്നാണ് ദക്ഷിണ കൊറിയന്‍ ബാങ്കുകള്‍ ഈ പണം മരവിപ്പിച്ചത്.
Iran rejects South Korea’s request for Qatari mediation