News Flash
X
ഇസ്രായേലും യുഎഇയും കൈകോര്‍ക്കുന്നു; ഇസ്രായേലുമായി പൂര്‍ണ ബന്ധത്തിന് തയ്യാറാവുന്ന ആദ്യ ഗള്‍ഫ് രാജ്യം

ഇസ്രായേലും യുഎഇയും കൈകോര്‍ക്കുന്നു; ഇസ്രായേലുമായി പൂര്‍ണ ബന്ധത്തിന് തയ്യാറാവുന്ന ആദ്യ ഗള്‍ഫ് രാജ്യം

personmtp rafeek access_timeThursday August 13, 2020
HIGHLIGHTS
പൂര്‍ണ അര്‍ത്ഥത്തിലുള്ള പരസ്പര ബന്ധം സ്ഥാപിക്കുന്നതിന് ഇസ്രായേലും യുഎഇയും കരാറിലെത്തി.

ദുബൈ: പൂര്‍ണ അര്‍ത്ഥത്തിലുള്ള പരസ്പര ബന്ധം സ്ഥാപിക്കുന്നതിന് ഇസ്രായേലും യുഎഇയും കരാറിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലുള്ള കരാര്‍ പ്രകാരം വെസ്റ്റ് ബാങ്കിലുള്ള അധിനിവിഷ്ട പ്രദേശത്ത് പരമാധികാരത്തിനുള്ള അവകാശവാദം ഇസ്രായേല്‍ നിര്‍ത്തിവയ്ക്കും.

ഇസ്രായേലും യുഎഇയും അമേരിക്കന്‍ മധ്യസ്ഥതയില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചയുടെ ഫലമാണ് കരാര്‍. ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹു, അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ തമ്മില്‍ വ്യാഴാഴ്ച്ച നടത്തിയ ഫോണ്‍ സംഭാഷണത്തിനൊടുവിലാണ് സംയുക്ത പ്രഖ്യാപനം വന്നത്.

ഇസ്രായേലുമായി സജീവ ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യവും ആദ്യ ഗള്‍ഫ് രാജ്യവുമാണ് യുഎഇ. കൂടുതല്‍ അറബ്, മുസ്ലിം രാജ്യങ്ങള്‍ യുഎഇയുടെ പാത പിന്തടരുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു.

അതേ സമയം, മുതിര്‍ന്ന ഫലസ്തീന്‍ നേതാവ് ഹനാന്‍ അഷ്‌റവി ഈ നീക്കത്തെ അപലപിച്ചു. അധിനിവേശത്തിന്റെ തുടക്കം മുതല്‍ ഫലസ്തീനോട് ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം പരസ്യമായി പ്രഖ്യാപിക്കാതിരിക്കുന്നതിനുള്ള സമ്മാനമാണ് ഇസ്രായേലിന് കിട്ടിയിരിക്കുന്നതെന്ന് അവര്‍ ട്വിറ്ററില്‍ പ്രസ്താവിച്ചു. യുഎഇ ഇസ്രായേലുമായി നടത്തുന്ന രഹസ്യ അജണ്ട ഇപ്പോള്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസ്, സുരക്ഷ, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി കരാര്‍ ഒപ്പിടുന്നതിന് യുഎഇ, ഇസ്രായേല്‍ പ്രതിനിധി സംഘം വരുന്ന ആഴ്്ച്ചകളില്‍ കൂടിക്കാഴ്ച്ച നടത്തും. കൊറോണ വൈറസ് ചികില്‍സയിലും വാക്‌സിന്‍ വികസിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും കൈകോര്‍ക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

മിഡില്‍ ഈസ്റ്റിലെ തന്ത്രപരമായ അജണ്ടകള്‍ നിശ്ചയിക്കുന്നതില്‍ അമേരിക്കയും ഇസ്രായേലും യുഎഇയും കൈകോര്‍ക്കുന്നതിലേക്ക് നയിക്കുന്നതായിരിക്കും കരാര്‍.

Israel and UAE announce normalisation of relations with US help

SHARE :
folder_openTags
content_copyCategory