News Flash
X
ഹമാസ് കേന്ദങ്ങള്‍ക്ക് നേരേ ഇസ്രായേല്‍ മിസൈല്‍ ആക്രമണം

ഹമാസ് കേന്ദങ്ങള്‍ക്ക് നേരേ ഇസ്രായേല്‍ മിസൈല്‍ ആക്രമണം

personSJ access_timeWednesday October 21, 2020
HIGHLIGHTS
ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗാസയില്‍നിന്ന് ഇസ്രായേലിലേക്ക് മീറ്റര്‍ കണക്കിന് ദൂരമുള്ള തുരങ്കം ഖാന്‍ യൂനിസില്‍ നിന്ന് കണ്ടെത്തിയതായി സൈന്യം അറിയിച്ചിരുന്നു.

ഗാസയിലെ ഹമാസ് കേന്ദങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇന്നലെ വൈകിട്ട് ഹമാസിന്റെ ഭൂഗര്‍ഭപാത ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് അവിഷെ അഡ്രെയ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ പലസ്തീനിലെ കാര്‍ഷിക മേഖലകളായ ഖാന്‍ യൂനിസിലും ഡീര്‍ അല്‍ ബാലയിലും മൂന്ന് മിസൈലുകള്‍ പതിച്ചതായി സാക്ഷികള്‍ രേഖപ്പെടുത്തി.

ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് മീറ്റര്‍ കണക്കിന് ദൂരമുള്ള തുരങ്കം ഖാന്‍ യൂനിസില്‍ നിന്ന് കണ്ടെത്തിയതായി സൈന്യം അറിയിച്ചിരുന്നു. ആരാണ് തുരങ്കം കുഴിച്ചതെന്ന്  വ്യക്തമല്ലെന്നും എന്നാല്‍ പലസ്തീനിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഹമാസ് ഉത്തരവാദിയാണെന്നും ഇസ്രായേല്‍ സൈനിക വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു.

അതോടൊപ്പം ഖാന്‍ യൂനിസില്‍ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തെ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുവരെ ഒരു ഗ്രൂപ്പും റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇതിനെക്കുറിച്ച് പലസ്തീന്‍ അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. രണ്ട് ആക്രമണങ്ങളില്‍ നിന്നുള്ള ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

SHARE :
folder_openTags
content_copyCategory