
കാന്‍സര്‍ ബാധിച്ച ബാലനു വേണ്ടി ബാറ്റ്മാന്റെ വേഷത്തില്‍ ഡോക്ടര്‍
ആശുപത്രി വരാന്തയിലൂടെ ‘ബാറ്റ്മാന്’ നടന്നു വരുന്നു. ബാറ്റ്മാനെ കണ്ട് ആശുപത്രിയിലുള്ളവര്‍ ആദ്യത്തെ അമ്പരപ്പ് മാറി കൈയ്യടിയായി. കാന്‍സര്‍ ബാധിച്ച ഒരു ബാലന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിന് വേണ്ടി അവന്റെ ഡോക്ടര്‍ തന്നെ വേഷം കെട്ടി വന്നു. ചികില്‍സയിലുള്ള ബാലനോട് എന്താണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ഡോക്ടര്‍ ചോദിച്ചിരുന്നു. ബാറ്റ്മാനെ കാണണം എന്ന മറുപടിയെ തുടര്‍ന്നാണ് പിറ്റേന്ന് രാവിലെ ഡോക്ടര്‍ ബാറ്റ്മാനായി വന്നത്.
ബാറ്റ്മാന് വേഷത്തില്‍ വരാന്തയിലൂടെ വരുന്ന ഡോക്ടര്‍ മുട്ടുകുത്തി നില്‍ക്കുന്നതാണ് വിഡിയോയുടെ തുടക്കം. മരുന്ന് ഡ്രിപ് സ്റ്റാന്‍ഡുമായി മുറിക്ക് പുറത്തേക്ക് വരുന്ന ബാലന് ഈ കാഴ്ച കണ്ട് ആഹ്ലാദിക്കുന്നതും ‘ബാറ്റ്മാനെ’ ആശ്ലേഷിക്കുന്നതും വിഡിയോയില്‍ കാണാം. ‘ദി ഫീല്‍ ഗുഡ് പേജ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. എവിടെയാണെന്ന വിവരങ്ങള്‍ ഇല്ലെങ്കിലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ അധിക നേരം വേണ്ടി വന്നില്ല. ഡോക്ടറിന്റെ സന്മനസ്സിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വിഡിയോക്ക് ലഭിച്ചത്.