നാസയുടെ ‘പെഴ്സെവറന്‍സ് റോവര്‍’ ചൊവ്വയില്‍; ആദ്യമയച്ച ചിത്രം പുറത്ത്

നാസയുടെ ചൊവ്വ ദൗത്യപേടകം പെഴ്സെവറന്‍സ് റോവര്‍ വിജയകരമായി ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. പിന്നാലെ പെഴ്സെവറന്‍സ് ഭൂമിയിലേക്ക് ആദ്യമയച്ച ചിത്രവും നാസ പുറത്തുവിട്ടു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 നാണ് ആറു ചക്രങ്ങളുള്ള റോവര്‍ ചൊവ്വയിലിറങ്ങിയത്.

ചൊവ്വയുടെ അന്തരീക്ഷത്തില്‍ 19,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കിയാണ് ചൊവ്വാ ഉപരിതലത്തിലിറക്കിയത്. 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ചുവന്ന ഗ്രഹത്തിലെത്തിയത്. 2020 ജൂലായ് 30-ന് ഫ്ലോറിഡയിലെ നാസയുടെ യു.എല്‍.എ അറ്റ്‌ലസ്-541ല്‍ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവര്‍ വഹിക്കുന്നുണ്ട്. ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുകയാണ് നാസയുടെ ലക്ഷ്യം. 300 കോടി ഡോളറാണ് ആകെ ചെലവ്.