X
പാകിസ്താനില്‍ ലാന്റിങിന് തൊട്ടുമുമ്പ് വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ നൂറോളം യാത്രക്കാര്‍ (വീഡിയോ കാണാം)

പാകിസ്താനില്‍ ലാന്റിങിന് തൊട്ടുമുമ്പ് വിമാനം തകര്‍ന്നുവീണു; വിമാനത്തില്‍ നൂറോളം യാത്രക്കാര്‍ (വീഡിയോ കാണാം)

personmtp rafeek access_timeFriday May 22, 2020
HIGHLIGHTS
കറാച്ചിക്ക് സമീപം ലാന്റിങിനു തൊട്ടുമുമ്പ് വിമാനം തകര്‍ന്നുവീണു.

ഇസ്ലാമാബാദ്: കറാച്ചിക്ക് സമീപം ലാന്റിങിനു തൊട്ടുമുമ്പ് വിമാനം തകര്‍ന്നുവീണു. 99 യാത്രികരും എട്ട് ജീവനക്കാരുമായി പറന്ന പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനമാണ് തകര്‍ന്നുവീണത്. കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് അപകടം.

 

ലഹോറില്‍നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്നു വിമാനം. വിമാനത്താവളത്തിന് സമീപത്തെ ജിന്ന ഗാര്‍ഡന്‍ മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.45ന് ആണ് വിമാനം ലാന്റ് ചെയ്യേണ്ടിയിരുന്നത്. വിമാനാവശിഷ്ടങ്ങളില്‍നിന്നും സമീപത്തെ കെട്ടിടങ്ങളില്‍നിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പാക് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. അപകടത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമുള്ള മേഖലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. പാക് സൈന്യവും ദ്രുതകര്‍മസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും വിശദവിവരങ്ങള്‍ ലഭ്യമാക്കുമെന്നും പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ പരിശീലനം ലഭിച്ച വൈമാനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും വക്താവ് അറിയിച്ചു. ആറ് പേരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരാണോ താഴെയുണ്ടായിരുന്ന നാട്ടുകാരാണോ എന്ന് വ്യക്തമല്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. വിമാനത്തിലുള്ളവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് യാത്രക്കാരില്‍ ഒരാളുടെ ബന്ധു അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് കറാച്ചിയിലെ പ്രധാന ആശുപത്രികള്‍ക്ക് ചികിത്സാ സജ്ജീകരണങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പാകിസ്താന്‍ വിമാന സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. മേയ് 16നാണ് സര്‍വിസുകള്‍ പുനരാരംഭിച്ചത്.

Pakistan passenger plane crashes in southern city of Karachi

 

SHARE :
folder_openTags
content_copyCategory