News Flash
X
ഫലസ്തീന്‍ കൗമാരക്കാരന്‍റെ മരണം: ഇസ്രായേല്‍ സൈനികരുടെ മര്‍ദനമെന്ന് സ്ഥിരീകരണം

ഫലസ്തീന്‍ കൗമാരക്കാരന്‍റെ മരണം: ഇസ്രായേല്‍ സൈനികരുടെ മര്‍ദനമെന്ന് സ്ഥിരീകരണം

personSJ access_timeMonday October 26, 2020
HIGHLIGHTS
ഫലസ്തീന്‍ മെഡിക്കല്‍ കോംപ്ലക്‌സ് ഡയറക്ടര്‍ അഹമ്മദ് അല്‍ ബിതാവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

റാമല്ല: ഫലസ്തീന്‍ കൗമാരക്കാരന്റെ മരണത്തിന് കാരണം ഇസ്രായേല്‍ സൈനികരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കെന്ന് സ്ഥിരീകരണം. ഫലസ്തീന്‍ മെഡിക്കല്‍ കോംപ്ലക്‌സ് ഡയറക്ടര്‍ അഹമ്മദ് അല്‍ ബിതാവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ റാമല്ലയിലെ വടക്ക് കിഴക്ക് തര്‍മസ്-അയ്യ പട്ടണത്തിന് സമീപത്തു വെച്ചാണ് അമീര്‍ അബ്ദുല്‍ റഹിം സ്‌നോബര്‍ എന്ന 18കാരന്‍ ഇസ്രായേല്‍ സൈനികരുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. ഗ്രാമത്തിലേക്ക് കടന്നുകയറിയ സൈനികര്‍ സ്‌നോബറിന്റെ കഴുത്തിന് പിന്നില്‍ റൈഫിള്‍ കൊണ്ട് മര്‍ദിക്കുകയായിരുന്നു. ഇസ്രായേല്‍ സൈനികരുടെ ക്രൂരകൃത്യം ഫലസ്തീനിലെ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മര്‍ദനത്തെ തുടര്‍ന്ന് കഴുത്തില്‍ ഗുരുതര പരിക്കേറ്റ നിലയിലാണ് സ്നോബറെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൈനികരുടെ അടിയേറ്റതിനെ തുടര്‍ന്നുണ്ടായ പരിക്കിന്റെ പാടുകള്‍ കൗമാരക്കാരന്റെ കഴുത്തില്‍ ഉണ്ടായിരുന്നു. റൈഫിള്‍ കൊണ്ട് കുത്തിയതിന്റെ പരിക്കുകളും കണ്ടെത്തിയതായി അല്‍ ബിതാവി പറഞ്ഞു.

തെക്കന്‍ വെസ്റ്റ്ബാങ്ക് പട്ടണമായ നബ്ലസിലെ യാത്മ ഗ്രാമവാസിയാണ് സ്‌നോബര്‍. സംഭവത്തെ ഫലസ്തീന്‍ വിമോചന മുന്നണി (പി.എല്‍.ഒ) ശക്തമായി അപലപിച്ചു. നിരായുധനായ ചെറുപ്പക്കാരന് നേരെ ഇസ്രായേല്‍ സൈനികര്‍ നടത്തിയത് ക്രൂര കൃത്യമാണെന്ന് പി.എല്‍.ഒ ചൂണ്ടിക്കാട്ടി. സ്‌നോബറിനെ ഇസ്രായേല്‍ സൈന്യം ആക്രമിച്ചതായി മുതിര്‍ന്ന പി.എല്‍.ഒ ഉദ്യോഗസ്ഥന്‍ ഹനാന്‍ അശ്‌റവിയും വ്യക്തമാക്കി.

SHARE :
folder_openTags
content_copyCategory